കരുത്തേകാൻ ഒപ്പമോടി; വീണിട്ടും തോൽക്കാത്ത 'സ്പോർട്സ്മാൻ സ്പിരിറ്റുമായി' ജനപ്രതിനിധി

കണ്ണൂർ: പന്ന്യന്നൂർ പഞ്ചായത്തിന്റെ ഭിന്നശേഷി കായിക മേളയിൽ മത്സരാർത്ഥികളിൽ ആവേശം വിതറാൻ മെമ്പറും ഓടി. വീണ് പരിക്കേറ്റെങ്കിലും 'സ്പോർട്സ് മാൻ സ്പിരിറ്റി'ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയടി.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായികമേളയിൽ പങ്കെടുക്കുന്നവർക്ക് ആവേശമേകാനാണ് പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം നസീർ ഇടവലത്തും ഓടിയത്. സഹ അംഗം കൂടിയായ ജസീല നൗഷാദിന്റെ മകൻ വസീം നൗഷാദിന് ആവേശമേകാനാണ് നസീർ ഇടവലത്തും, അങ്കണവാടി വർക്കർ ഷീജയും ഒപ്പമോടിയത്. ആദ്യ റൗണ്ട് പൂർത്തിയാക്കിയശേഷം രണ്ടാം റൗണ്ട് ഓടുമ്പോഴാണ് നസീർ വീണത്. കൈമുട്ടിനും,വിരലിനും പരിക്കുണ്ട്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ പകർത്തിയ നസീറിന്റെ 'സ്പോർട്സ് മാൻ സ്പിരിറ്റ്' വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പന്ന്യന്നൂർ പഞ്ചായത്തിലെ ഏറ്റവും ഊർജസ്വലനായ അംഗംകൂടിയാണ് നസീർ.