കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ; ‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു, കണ്ടെത്തിയത് 2669 പേരെ

#ജോർജ് തോമസ്
പ്രതീകാത്മക ചിത്രം| മാതൃഭൂമി
പ്രതീകാത്മക ചിത്രം| മാതൃഭൂമി

തൊടുപുഴ: കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’ സർക്കാർ വിപുലീകരിക്കുന്നു. ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ച് ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കും. അടുത്തിടെ കിടപ്പുരോഗികളുടെ കണക്കെടുത്തിരുന്നു. കിടപ്പുരോഗികൾക്ക് വീട്ടിൽ റേഷനെത്തിക്കുമെന്ന് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിവരശേഖരണം നീളുമെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അത് തത്കാലം പിൻവലിച്ചു.

അപ്പോഴും കണക്കെടുപ്പ് ഊർജിതമായി തുടർന്നു. സഹായം ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഭക്ഷ്യവകുപ്പ് പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുന്നത്. സന്നദ്ധസംഘടനകൾ, തദ്ദേശസ്ഥാപനം, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ റേഷനെത്തിക്കാനാണ് ആലോചന.

കണ്ടെത്തിയത് 2669 പേരെ

തദ്ദേശ, ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിൽ സഹായം ആവശ്യമുള്ള 2669 കിടപ്പുരോഗികളുണ്ടെന്നാണ് കണ്ടെത്തൽ. ഒപ്പം പദ്ധതിയിൽ 499 പേരാണുണ്ടായിരുന്നത്. പദ്ധതി പലയിടത്തും നിർജീവവുമാണ്. ആശാവർക്കർമാർ, വാർഡ് മെമ്പർമാർ എന്നിവരുടേയും പാലിയേറ്റീവ് വിഭാഗത്തിന്റേയും സഹായത്തോടെ കണ്ടെത്തിയ 23968 കിടപ്പുരോഗികളിൽനിന്ന്, റേഷൻ കടയിലെത്താൻ യാതൊരു മാർഗവുമില്ലാത്ത 2669 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം ഗുണഭോക്താക്കൾ-427. കോട്ടയത്താണ് കുറവ്-66. തിരുവനന്തപുരം-183, കൊല്ലം-321, പത്തനംതിട്ട-73, ആലപ്പുഴ-203, ഇടുക്കി-211, എറണാകുളം-184, തൃശ്ശൂർ-231, പാലക്കാട്-172, മലപ്പുറം-342, വയനാട്-77, കണ്ണൂർ-92, കാസർകോട്-87 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

Content Highlights: The Kerala Food and Civil Supplies Department is expanding the 'Oppam' scheme., A total of 2,669 bedridden patients have been identified across the state who cannot visit ration shops., Implementation involves cooperation from local bodies, volunteers, and autorickshaw workers., Kozhikode has the highest number of beneficiaries (427), while Kottayam has the lowest (66).