‘മൃതദേഹം മെഡിക്കൽ കോളേജിന്’; സഭാതർക്കങ്ങളിൽ മനംനൊന്ത് സ്വന്തം കല്ലറ പണിത് സാമുവൽ

തൊടുപുഴ: ‘നിന്റെ സഹോദരന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു’-ഉൽപ്പത്തിപ്പുസ്തകം നാലാം അധ്യായത്തിൽ, സഹോദരനെ അപായപ്പെടുത്തിയ കയീനോട് ദൈവം ചോദിച്ച വാക്കുകൾ തൊടുപുഴക്കാരൻ സാമുവൽ വി. തോപ്പന്റെ കാഴ്ചപ്പാടുകളെയാകെ മാറ്റി. പള്ളികൾ മാത്രമല്ല, സെമിത്തേരിപോലും തർക്കഭൂമിയാകുന്നത് സാമുവൽ കണ്ടുനിന്നിട്ടുണ്ട്. ഒരിക്കൽ, സഭാവഴക്കിന്റെ പ്രത്യാഘാതം ജീവിതത്തിലും വന്നുകയറി. പക്ഷേ, പ്രതികരിക്കാൻ നിൽക്കാതെ അതിന്റെ ഒന്നാംവാർഷികത്തിൽ അദ്ദേഹം കുടുംബ കല്ലറയ്ക്കുമുകളിൽ തന്റെ മുഖചിത്രം ആലേഖനംചെയ്ത് ഇങ്ങനെ എഴുതിച്ചേർത്തു. ‘സാമുവൽ വി. തോപ്പിൽ. ജനനം 12-09-1969. മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറി’.
മരണത്തീയതി ഇവിടെ എഴുതിച്ചേർക്കില്ല. മണ്ണിലേക്കു മടങ്ങേണ്ട ശരീരം തർക്കങ്ങൾക്കു വിട്ടുനൽകാതെ, ആതുരശുശ്രൂഷ മേഖലയ്ക്കു പ്രയോജനപ്പെടാൻ വിട്ടുനൽകും.
തൊടുപുഴ സെയ്ന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി ദേവാലയം ഇടവകാംഗമാണ് സാമുവൽ (57). ബസ് ഓടിച്ചും വഴിയോരക്കച്ചവടം നടത്തിയും ആക്രിപെറുക്കിയും തുടങ്ങി ബിസിനസുകാരനായ ജീവിതം. സഭാതർക്കം കാരണം തൊടുപുഴയിലെയും മറ്റു ദേവാലയങ്ങളിലെയും സെമിത്തേരികൾക്കുമുൻപിൽ മൃതദേഹങ്ങളുമായി കോടതിവിധി കാത്തുകിടന്ന മനുഷ്യരെയും അവരുടെ കണ്ണീരും കണ്ടിട്ടുണ്ട്. കഴിഞ്ഞവർഷം ഇടവകയിൽ പെരുന്നാൾ നടത്താൻ അനുവദിക്കാതെ ഒരു വിഭാഗം തർക്കമുണ്ടാക്കിയപ്പോൾ കടുത്ത മാനസിക വിഷമത്തിലായി. ഭീഷണിയും നേരിടേണ്ടി വന്നു.
അതോടെ തീരുമാനിച്ചതാണ്, മരിച്ചാൽ, തർക്കത്തിനായി ശരീരം വിട്ടുനൽകില്ലെന്ന്. സെമിത്തേരിയിലെ കല്ലറയ്ക്കുമുകളിലെ ചിത്രവും വാക്കുകളും നിശബ്ദസന്ദേശമാകും.
Content Highlights: Samuel V. Thoppil from Thodupuzha engraved his photo and 'body donated to medical college' on his family vault., The decision was taken in response to ongoing church and cemetery disputes in Kerala., He chose to aid medical education rather than leaving his mortal remains subject to sectarian conflicts., A member of St. Mary's Orthodox Syrian Church, he faced deep mental agony due to local parish feuds.