കോടതിക്കെതിരെ തുടര്‍ച്ചയായി എഫ്.ബി പോസ്റ്റ്; ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കൊച്ചി: കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവിന് മൂന്ന് ദിവസത്തെ തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് ഹൈക്കോടതി. എറണാകുളം ആലങ്ങാട് സ്വദേശിയായ പി കെ സുരേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. മുമ്പും സമാനമായ സംഭവത്തിൽ കോടതിയിലെത്തിയെങ്കിലും കോടതി മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു.  

ഹൈക്കോടതി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടേതാണ് വിധി. 

ഹൈക്കോടതി ഉത്തരവുകളേയും ജഡ്ജിമാരേയും ഇയാൾ നിരന്തരം തന്റെ സാമൂ​ഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അധിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപം ക്രിമിനൽ കോടതി വ്യവഹാരത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിധി. 

ഇതിന് മുമ്പും സമാനമായ രീതിയിൽ കോടതി വ്യവഹാരങ്ങളെ അധിക്ഷേപിച്ച് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരേ കോടതീയലക്ഷ്യത്തിന് കേസെടുക്കുകയും വാദത്തിനിടെ കോടതിയോട് തന്റെ പ്രവർത്തിയിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. മാപ്പ് സ്വീകരിച്ച് കോടതി ഇയാളെ വെറുതേ വിട്ടെങ്കിലും കോടതിയിൽ അത് തന്റെ 'അടവ്'ആയിട്ടാണ് മാപ്പ് പറഞ്ഞത് എന്നായിരുന്നു സുരേഷ് കുമാർ പുറത്തിറങ്ങി പ്രതികരിച്ചത്. 

കോടതി മാപ്പ് നൽകി വിട്ടയച്ചതിന് ശേഷവും ഇയാൾ നിരന്തരമായി കോടതിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകളിടുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇയാൾക്കെതിരേ സ്വമേധയാ കേസെടുത്തത്. 

Content Highlights: Kerala High Court sentenced man to three days imprisonment, defamation, contempt of court