കപ്പലപകടത്തിന്റെ പരിണതഫലമെന്ത്? അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്; വിവരം പുറത്തുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അറിയിക്കണം.
ആകെ 643 കണ്ടെയ്നറുകളാണ് ആലപ്പുഴയ്ക്ക് സമീപം മുങ്ങിയ എം.എസ്.സി. എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം കടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.
കപ്പലിൽനിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ അടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്. പൂർണമായും തകർന്ന ചില കണ്ടെയ്നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു.
Content Highlights: Kerala High Court demands details on the sunken Liberian cargo ship