‘അത്തരം പേരൊന്നും ഇവിടെവെക്കില്ലെ’ന്ന് മുഖ്യമന്ത്രി; നഷ്ടമായത് 600 കോടി, ഒടുവിൽ തിരുത്തി; കേന്ദ്രത്തിനു വഴങ്ങുന്നത് ആദ്യമല്ല

തിരുവനന്തപുരം: ആദ്യം എതിര്‍ക്കുകയും പിന്നീട് ഒപ്പുവെക്കുകയും ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിക്കൊപ്പം ചേര്‍ന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ നിലപാടുമായി മുന്നോട്ടുപോകുമ്പോൾ കടുത്ത അതൃപ്തിയിലും പ്രതിഷേധത്തിലുമാണ് സിപിഐയും യുഡിഎഫും. ഫണ്ട് ഭീഷണിയുടെ പേരില്‍ കേന്ദ്രത്തിന് വഴങ്ങുന്ന കേരളത്തിലെ ആദ്യത്തെ വകുപ്പല്ല വിദ്യാഭ്യാസ വകുപ്പ്. നേരത്തെ തന്നെ സമാന രീതിയില്‍ കേരളത്തിലെ ആരോഗ്യവകുപ്പ് കേന്ദ്രത്തിന് കീഴടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിറാ’യി മാറിയത്.
അത്തരം പേരൊന്നും ഇവിടെ വെക്കില്ലെന്ന് മുഖ്യമന്ത്രി
2018-ല്‍ കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തില്‍ ഫണ്ട് ചെലവഴിച്ചാണ് ആയുഷ്മാന്‍ ഭാരത് വെല്‍നസ് സെന്ററുകള്‍ ആരംഭിച്ചത്. കേരളത്തില്‍ ഇതിന്റെ പേര് ജനകീയ ആരോഗ്യ കേന്ദ്രം എന്നായിരുന്നു. എന്നാല്‍, 2023 ആയുഷ്മാന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്ന് പേരു മാറ്റണമെന്ന് കേന്ദ്ര നിര്‍ദ്ദേശം വന്നു.
5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റലിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ കേന്ദ്രവിഹിതം തടയുമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ പേരെഴുതാമെന്ന നിലപാടിലേക്ക് കേരളം എത്തിയെങ്കിലും ആയുഷ്മാന്‍ ഭാരത് ആരോഗ്യമന്ദിര്‍ എന്നപേരുവേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2023 ഡിസംബറിനുള്ളില്‍ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, അതിനേയും കേരളം എതിര്‍ത്തു. പേര് മാറ്റം കേരളത്തിന്റെ സംസ്‌കാരത്തിന് ചേരില്ലെന്നും ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാദം. അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രഖ്യാപിക്കുകയും ചെയ്തു
പേരിടാത്തതിന് പോയ ഫണ്ട് 600 കോടിയിലധികം
എന്ത് സംഭവിച്ചാലും പേര് മാറ്റില്ലെന്ന് സംസ്ഥാനം തീരുമാനം എടുത്തതോടെ ഫണ്ട് തടയലായിരുന്നു ഇതിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാട്. ഇതോടെ സംസ്ഥാന സര്‍ക്കാറിന് ആ വര്‍ഷത്തെ കേന്ദ്രവിഹിതം 600 കോടിയിലധികം നഷ്ടമായി. സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍എച്ച്എം) 2023-24ല്‍ ലഭിക്കേണ്ട 826 കോടി രൂപയില്‍ 189.14 കോടി രൂപയേ കേന്ദ്രം നല്‍കിയുള്ളൂ. 2024-25 ലേക്ക് 821.02 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും തുക അനുവദിച്ചതുമില്ല.
എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം ആശാവര്‍ക്കേഴ്‌സിന്റെ ഓണറേറിയം ഉള്‍പ്പെടെയുള്ള എല്ലാ തുകയും സംസ്ഥാനത്തിന് ചെലവഴിക്കേണ്ടി വന്നു. തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളികള്‍ കണക്കിലെടുത്ത് കേന്ദ്രം പറഞ്ഞതെല്ലാം കേരളം അക്ഷരംപ്രതി സമ്മതിച്ചുകൊണ്ട് 2024 ജൂണില്‍ പേരുമാറ്റാനുള്ള ഉത്തരവും ഇറക്കി. തുടര്‍ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് എഴുതിയതും 'ആരോഗ്യം പരമം ധനം' എന്ന ടാഗ് ലൈൻ ചേര്‍ത്തതുമെല്ലാം.
സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പിഎച്ച്സി.), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യുപിഎച്ച്സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്‌സ് എന്നിവയുടെ ബോര്‍ഡുകളിലാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നുകൂടെ ചേര്‍ത്തത്.
Content Highlights: Kerala's Health Ministry Shift: From Resistance to 'Ayushman Arogya Mandir', pm shri