ഭൂജലനിരപ്പിൽ വൻകുറവ്; 10 വർഷത്തെക്കാൾ കുത്തനെ കുറഞ്ഞു, 4 മീറ്ററിൽ താഴ്ന്നാൽ വെള്ളം കിട്ടാത്ത സ്ഥിതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂജലവിതാനത്തിൽ പത്തുവർഷം മുൻപത്തെക്കാൾ വൻകുറവ്. രണ്ടുമീറ്ററിലധികം കുറഞ്ഞത് അപകടകരമായ സ്ഥിതിയാണ്. ഒന്നിനും രണ്ടിനും ഇടയിൽ കുറഞ്ഞ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. നാലുമീറ്ററിൽ താഴെയാകുന്നത് വെള്ളംകിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2015 മുതൽ 2025 വരെയുള്ള വേനൽക്കാലത്തെ ഭൂജലവിതാനത്തിന്റെ ശരാശരിയും ഈ മാസത്തെ ജലവിതാനവും തമ്മിലുള്ള താരതമ്യത്തിലാണ് അപകടകരമായ തരത്തിലുള്ള കുറവ് കണ്ടെത്തിയത്. സംസ്ഥാനത്തൊട്ടാകെയുള്ള ഭൂജലവകുപ്പിന്റെ 738 നിരീക്ഷണ കിണറുകളിലെ ജലനിരപ്പാണ് പഠനത്തിനുപയോഗിച്ചത്. മേയിൽ വേനൽ ശക്തമാവുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ വീണ്ടും ജലവിതാനം കുറയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
42 ശതമാനത്തോളം തുറന്ന കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പ് താഴ്‌ന്നു. തീരദേശത്തെ ട്യൂബ് വെല്ലുകളിൽ (ജലസ്രോതസ്സുവരെയും പൈപ്പ് ഇറക്കിയിട്ടുള്ളവ) 30.77 ശതമാനത്തിൽ മാത്രമാണ് കുറവുള്ളത്.
21 ശതമാനം കിണറുകളിൽ ജലവിതാനം ഗണ്യമായ രീതിയിൽ കുറഞ്ഞു. എട്ടുപ്രദേശങ്ങളിൽ രണ്ടുമീറ്ററിൽ താഴെയും 23 പ്രദേശങ്ങളിൽ ഒന്നുമുതൽ രണ്ടുമീറ്റർവരെയുമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
കുഴൽക്കിണറുകളിൽ നടത്തിയ പഠനത്തിൽ ഭൂജലവിതാനം അപകടകരമായ രീതിയിൽ കുറയുന്നത് ആലപ്പുഴ (100 ശതമാനം കിണറുകളിലും), കൊല്ലം (75 ശതമാനം), തൃശ്ശൂർ (62.16 ശതമാനം), പത്തനംതിട്ട (64 ശതമാനം) എന്നീ ജില്ലകളിലാണ്. റാന്നി, ബാലുശ്ശേരി, കോഴിക്കോട്, ദേവികുളം, അഴുത, അരീക്കോട്, ഇരിക്കൂർ ബ്ലോക്കുകളിലാണ് കുഴൽക്കിണറുകളുടെ ജലവിതാനം വൻതോതിൽ കുറഞ്ഞത്. അതേസമയം വയനാട്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, ജില്ലകളിൽ ഭൂരിഭാഗം കിണറുകളിലും നേരിയതോതിൽ കൂടിയിട്ടുമുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ട്യൂബ് വെല്ലുകളിൽ 69.23 ശതമാനം സ്ഥലങ്ങളിലും ജലവിതാനത്തിൽ നേരിയ വർധന വന്നിട്ടുണ്ട്. കൊല്ലത്തെ ചില പ്രദേശങ്ങളിലെ ട്യൂബ് വെല്ലുകളിൽ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
മഴയിലെ കുറവ്, ഭൂജല ഉപയോഗത്തിലെ വർധന, അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണം, ഭൂമിക്കടിയിൽ വെള്ളം നിലനിർത്തുന്ന പാളികളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ജലനിരപ്പ് അനിയന്ത്രിതമായ രീതിയിൽ കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Significant groundwater decline recorded compared to the 2015-2025 decade average. 42% of open wells and borewells show reduced water levels. Critical depletion observed in Alappuzha, Kollam, Thrissur, and Pathanamthitta. Major causes include reduced rainfall, unsustainable groundwater extraction, and unscientific borewell drilling. Water levels falling below 4 meters pose a severe risk of absolute water scarcity.