ശമ്പളം കൂട്ടും, പെൻഷൻ പദ്ധതി മാറും; പുതിയ ആനുകൂല്യങ്ങൾ ഡിസംബർ ഒന്നിന്, നടപ്പാക്കുന്നത് ധനവകുപ്പ് വഴി

#പ്രത്യേക ലേഖകൻ
ധനമന്ത്രി കെ.എന്‍.ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും
ധനമന്ത്രി കെ.എന്‍.ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പെൻഷനും യുവജനങ്ങൾക്കുള്ള കണക്ട് ടു വർക്ക് സ്‌കോളർഷിപ്പും ഡിസംബർ ഒന്നുമുതൽ നൽകാൻ ധനവകുപ്പ് ഒരുക്കംതുടങ്ങി. മറ്റുവകുപ്പുകളെ ഏല്പിക്കാതെ ധനവകുപ്പുവഴിതന്നെ ആനുകൂല്യങ്ങൾ നൽകാനാണ് ആലോചന.

സ്ത്രീകൾക്കുള്ള പെൻഷനും കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിനും പൊതുവായ മാനദണ്ഡങ്ങൾ നിശ്ചയിച്ചെങ്കിലും മാർഗനിർദേശങ്ങൾ അന്തിമമായിട്ടില്ല. വിതരണസവിധാനത്തെക്കുറിച്ചും തീരുമാനിക്കണം. ഇവയ്ക്ക് അന്തിമരൂപം നൽകി തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപുതന്നെ ആനുകൂല്യങ്ങൾ നൽകാനാണ് ശ്രമം.

വർധിപ്പിച്ച പ്രകാരമുള്ള ക്ഷേമപെൻഷൻ നവംബർ 27 മുതൽ വിതരണംചെയ്യാനാണ് തീരുമാനം. ക്ഷേമപെൻഷൻ 1600 രൂപയായിരുന്നപ്പോഴുള്ള ഒരുമാസത്തെ തുക ഇനിയും നൽകാനുണ്ട്. അതും ഈ സാമ്പത്തികവർഷംതന്നെ നൽകുമെന്ന് ധനവകുപ്പ് അധികൃതർ പറഞ്ഞു. കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിന് അർഹമാകാൻ കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ കുറയരുതെന്ന് നിബന്ധനയുണ്ട്.

ഇനി ശേഷിക്കുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളം-പെൻഷൻ പരിഷ്‌കരണവും പങ്കാളിത്തപ്പെൻഷൻ പ്രകാരമുള്ള പദ്ധതി പ്രഖ്യാപിക്കലുമാണ്. ഇതുസംബന്ധിച്ച കണക്കുകൂട്ടലുകളും നടക്കുന്നുണ്ട്. ശമ്പളക്കമ്മിഷനെ നിയമിച്ചാൽ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ ഉദ്യോഗസ്ഥതല സമിതി മതിയോ എന്നും ആലോചനയുണ്ട്.

ക്ഷേമപെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചെങ്കിലും ബജറ്റിൽ ഇനിയും കൂട്ടണമെന്ന് എൽഡിഎഫിൽ ആവശ്യമുയർന്നിട്ടുണ്ട്. ആശവർക്കർമാർ ഉൾപ്പെടെയുള്ള സ്‌കീം തൊഴിലാളികൾക്ക് നൽകുന്ന വേതനം വർഷങ്ങളായി കൂട്ടിയിട്ടില്ല. ഇപ്പോൾ 1000 രൂപ വീതമാണ് ഇവർക്ക് കൂട്ടിയത്. ഇതുപോരെന്നും കൂടുതൽ കൂട്ടണമെന്നും സിപിഎമ്മിന്റെ ഭാഗമായ സംഘടനകളിൽനിന്ന് സമ്മർദമുണ്ട്. ജനുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതെല്ലാം പരിഗണിക്കാമെന്നാണ് ഇവരെ അറിയിച്ചിട്ടുള്ളത്.

Content Highlights: Kerala Govt announces increased pensions and new schemes, including `Connect to Work` scholarship, from December 1st. Details on eligibility & distribution.