ഡിഎ കുടിശ്ശിക ഒരുമിച്ച് നൽകേണ്ടിവന്നാൽ ഗുരുതര പ്രതിസന്ധിയെന്ന് ധനമന്ത്രി; അവകാശമെന്ന് സംഘടനകൾ

തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ ഡിഎ കുടിശ്ശിക നൽകുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള ഉറപ്പായ പെൻഷൻ നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇക്കാര്യത്തിൽ ജീവനക്കാരും പെൻഷൻകാരും ആശങ്കപ്പെടേണ്ടതില്ല. ഇക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
സർക്കാർജീവനക്കാരുടെ കുടിശ്ശിക അവകാശമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും വാദിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
ഏകദേശം 25,000 കോടി രൂപവരുന്ന ഡിഎ കുടിശ്ശിക മുഴുവൻ പെട്ടെന്ന് നൽകേണ്ടിവന്നാൽ സിസ്റ്റം തകരും. ശമ്പളമടക്കം മുടങ്ങുന്ന സ്ഥിതിവരും. ഇതാണ് ചിലർ ആഗ്രഹിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ഘട്ടംഘട്ടമായേ അത് കൊടുക്കാനാവൂ. ഈ പ്രായോഗിക സമീപനമാണ് കോടതിയിൽ പറഞ്ഞത്. അല്ലാതെ കൊടുക്കാതിരിക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
ഡിഎ അവകാശമാണെന്നാണ് റിട്ട് നൽകിയവരുടെ വാദം. അതുസംബന്ധിച്ച സുപ്രീംകോടതിയിൽ ഉൾപ്പെടെ പല കേസുകളും നിലവിലുണ്ട്. അവയിൽ അന്തിമവിധിവരാതെ ഇക്കാര്യം തീരുമാനിക്കാനാവില്ല. ഇതെല്ലാം കൊടുത്തുതീർക്കുമെന്ന് മന്ത്രിയെന്ന നിലയിൽ താൻ ഉറപ്പുനൽകുന്നു.
കേന്ദ്രം കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് അർഹതപ്പെട്ട രണ്ടുലക്ഷം കോടിയാണ് വെട്ടിക്കുറച്ചത്. ഈവർഷം മാത്രം 17,500 കോടിയുടെ കടം നിഷേധിച്ചു. അതുമാത്രം കിട്ടിയാൽ കുടിശ്ശിക ഏറക്കുറെ നൽകാനാകും. സാഹചര്യം ഇതായിരിക്കേ കോടതിയിൽപ്പോയി വാർത്തയുണ്ടാക്കേണ്ട കാര്യമില്ലെന്നും ബാലഗോപാൽ വിമർശിച്ചു.
കോവിഡ് കാലത്ത് കേന്ദ്രം ഡിഎ നൽകിയില്ല. ആരെങ്കിലും കോടതിയിൽ പോയോ? പങ്കാളിത്ത പെൻഷനുപകരം നിശ്ചിത തുക ഉറപ്പായി ലഭിക്കുന്ന പെൻഷൻ പദ്ധതി തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ കണ്ണ് സുപ്രീംകോടതി വിധിയിൽ
സംസ്ഥാനത്തിന്റെ കടം വെട്ടിക്കുറച്ചതിനെതിരേ കേരളം നൽകിയ കേസ് ഭരണഘടനാ ബെഞ്ചിന് മുന്നിലുണ്ട്. വിധി അനുകൂലമായാൽ സാമ്പത്തിക പ്രതിസന്ധിക്കു ഒരുപരിധിവരെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
ശമ്പളപരിഷ്കരണംവരെ ഒൻപതു ശതമാനമെന്ന് സർക്കാർ, 13 ശതമാനമെന്ന് സംഘടനകൾ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നൽകേണ്ട ഡിഎയുടെ കണക്കിലും തർക്കം. ജീവനക്കാരുടെ സംഘടനകളും സർക്കാരും വ്യത്യസ്തവാദമാണ് ഉന്നയിക്കുന്നത്. ഒരു ശതമാനം ഒരു മാസം നൽകാൻ 60 കോടിയാണ് ചെലവ്. നിലവിലെ ഒൻപത് ശതമാനം നൽകാൻ തന്നെ 25,000 കോടിക്കടുത്ത് വേണ്ടിവരുമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്.
സർക്കാർ വാദം
അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന രീതി പ്രകാരം 2024 ജൂലായ് ഒന്നുമുതലാണ് പരിഷ്കരിച്ച ശമ്പളം നൽകേണ്ടത്. ശമ്പളപരിഷ്ക്കരണം വരുന്നതോടെ ഡിഎ പൂജ്യമാകും. അതുവരെ നൽകേണ്ടത് 31 ശതമാനമാണ്. അതിൽ ഒന്നാം പിണറായി സർക്കാരിൻ്റെ അവസാനകാലത്ത് ഉത്തരവായ ഏഴു ശതമാനമടക്കം 22 ശതമാനം ഡിഎ ഈ സർക്കാർ അനുവദിച്ചു. കുടിശ്ശിക ഒൻപത് ശതമാ നം. 2024 ജൂലായ് ഒന്നിന് ശേഷമുള്ളത് ശമ്പളപരിഷ്കരണത്തിൻ്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കേണ്ടതെന്നാണ് സർക്കാർ വാദം.
സംഘടനകളുടെ വാദം
ശമ്പളപരിഷ്ക്കരണം ഇനിയും നടപ്പാക്കാത്തതിനാൽ 2025 ജനുവരിയിലും ജൂലായിലും രണ്ട് ശതമാനംവീതം ഡിഎകൂടി ലഭിക്ക ണമെന്നാണ് സംഘടനകളുടെ ആവശ്യം. അതായത് ഈ നാലുകൂടി ചേർത്താൽ കുടിശ്ശിക 13 ശതമാനമാവും. ഈ വർഷം ജനുവരിയിൽ കേന്ദ്രസർക്കാർ അനുവദിക്കുന്നത് സംസ്ഥാനത്തിനും ബാധകമാക്കിയാൽ കുടിശ്ശിക ഇനിയും കൂടുമെന്നും സംഘടനകൾ പറയുന്നു.
എതിർത്ത് ഇടതുസംഘടനകൾ; ഡിഎ അവകാശംതന്നെ
തിരുവനന്തപുരം: ഡിഎ ജീവനക്കാരന്റെ അവകാശമല്ലെന്ന ധനവകുപ്പിൻ്റെ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷ സർവീസ് സംഘനകളും. സമരങ്ങളിലൂടെ നേടിയെടുത്ത ഈ അവകാശം ഏതെങ്കിലും സത്യവാങ്മൂലത്തിലൂടെ നിഷേധി ക്കാനാവില്ലെന്ന് എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള ഇടതുസംഘടനകളുടെ പൊതുവേദിയായ എഫ്എസ്എഇടിഒ വ്യക്തമാക്കി.
ക്ഷാമബത്ത കുടിശ്ശിക തീർത്തുനൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സെക്രട്ടേറിയറ്റിനുമുന്നിൽ തുടങ്ങിയ രാപകൽ സമരം അത് നേടിയെടുക്കുന്നതുവരെ തുടരുമെന്നും ജനറൽ സെക്രട്ടറി എം.വി. ശശിധരനും പ്രസിഡൻ്റ് ടി.കെ.എ. ഷാഫിയും പറഞ്ഞു.
ഡിഎ അവകാശമല്ലെന്ന ഇടതുമുന്നണി നയത്തിൽനിന്ന് വ്യതിചലിച്ച് സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന് സിപിഐ സംഘടനയായ ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവും ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാറും ആവശ്യപ്പെട്ടു. ഡിഎ കുടിശ്ശിക നിഷേധിച്ചതുവഴി ജീവനക്കാർക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ സംഘടനയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കൺവീനർ എം.എസ്. എർഷാദ് പറഞ്ഞു. 57,960 രൂപ മുതൽ 4.20 ലക്ഷം രൂപവരെ ഇങ്ങനെ നഷ്ടപ്പെട്ടു. മുൻകാലപ്രാബല്യം നിഷേധിച്ചതിലൂടെ 1.27 ലക്ഷം രൂപ മുതൽ 9.26 ലക്ഷം രൂപവരേയും നഷ്ടമായി.
സർക്കാർ നിലപാട് ജീവനക്കാരോടും അധ്യാപകരോടുമുള്ള കടുത്തവഞ്ചനയാണെന്ന് കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് ആരോപിച്ചു. കെഎ സ്‌ടിയു, കേരള അറബിക് മുൻഷീസ് അസോസിയേഷൻ എന്നീ സംഘടനകളും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു.
Content Highlights: Kerala Finance Minister K.N. Balagopal assures timely payment of DA arrears and implementation of a guaranteed pension scheme