ഫയലെഴുതേണ്ട, സംസാരിച്ചാൽ മതി; സർക്കാർ ഓഫീസിൽ എ.ഐ. 'ഭാഷിണി'

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഫയലെഴുതാൻ ഇനി കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യേണ്ട. ഇതിനായി 'സംസാരം എഴുത്തായി മാറ്റുന്ന രീതി' (സ്പീച്ച് ടു ടെക്സ്റ്റ്) ഏർപ്പെടുത്തി ഇ-ഓഫീസ് പരിഷ്കരിച്ചു. ഇന്ത്യൻ ഭാഷകൾക്കായി കേന്ദ്രസർക്കാർ എ.ഐ. സംയോജിപ്പിച്ച് വികസിപ്പിച്ച 'ഭാഷിണി' സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ ഫയലെഴുത്തുരീതി.
ഉദ്യോഗസ്ഥർക്ക് ടൈപ്പ് ചെയ്യുന്നതിനു പകരം, സംസാരിച്ചുകൊണ്ട് (വോയ്സ് ഇൻപുട്ട്) ഫയലും നോട്ടുകളും തയ്യാറാക്കാം. ഇവ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും സാധിക്കും. ഫയൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാനാണ് ഈ പരിഷ്കാരമെന്ന് സർക്കാർ വൃത്തങ്ങൾ 'മാതൃഭൂമി'യോടു പറഞ്ഞു.
അംഗീകരിക്കപ്പെട്ട ഫയൽ സ്വന്തം മേശപ്പുറത്ത് മടങ്ങിയെത്തുന്നതിനു മുൻപുതന്നെ എഴുതിയ ഉദ്യോഗസ്ഥന് തത്സ്ഥിതി അറിയാനും സൗകര്യമൊരുക്കി. നിശ്ചിത വകുപ്പിനുള്ളിൽനിന്നുമ ത്രം വേണ്ടയാളെ തിരഞ്ഞെടുത്ത് കത്തുകളയയ്ക്കാനുള്ള സൗകര്യവും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ്, വകുപ്പുതലത്തിലുള്ള വേർതിരിച്ചെടുക്കൽ ഇല്ലായിരുന്നു. ഫയലുകൾ എഡിറ്റുചെയ്തു ലളിതമാക്കാനുമാവും.
കാഴ്ചപരിമിതിയുള്ളവർക്കും ഇ-ഓഫീസ് എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. അക്ഷരങ്ങളുടെ വലുപ്പം ഇഷ്ടാനുസരണം കൂട്ടാനും സൗകര്യമുണ്ടാവും. ഭരണം പൂർണമായി കടലാസുരഹിതമാക്കി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
Content Highlights: Kerala govt. offices now use AI `Bhashini` for speech-to-text, making file writing faster, easier, and accessible for all employees.