ആർലേക്കറുടേത് ഭരണഘടനാമര്യാദയ്ക്ക് നിരക്കാത്ത നടപടിയെന്ന് മന്ത്രി അനിൽകുമാർ; വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ലിജു

തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ പി.എസ്.സി. ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. പി.എസ്.സിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.പി. അനിൽ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
"പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയരായ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ഒരു തരി പോലും ന്യായീകരിക്കുന്നില്ല. എന്നാൽ, സർക്കാരിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി.എസ്.സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണ്. നിലവിൽ ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുൻപ്, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് ഇത്തരത്തിൽ ഒരു തിടുക്കപ്പെട്ട ശുപാർശ നൽകുന്നത് ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ല. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുത്."- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എം. ലിജുവിന്റെ വാക്കുകൾ:
"ഗവർണറുടെ കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. പി.എസ്.സി.യിൽ വലിയ അഴിമതി നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിരിച്ചുവിടണമെന്ന ആവശ്യത്തെക്കുറിച്ച് കൂടെയുള്ളവരുമായി ആലോചിച്ച ശേഷമേ കൃത്യമായ മറുപടി പറയാൻ സാധിക്കൂ."- മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത് അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. യുവമോർച്ചയുടെയും എബിവിപിയുടെയും പരാതി അടക്കം ഉൾപ്പെടുത്തിയാണ് ഗവർണർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ ശുപാർശ നൽകുന്നത്.
Content Highlights: Governor recommended President to remove PSC Chairman without informing the Kerala government., Minister AP Anil Kumar criticized the move, stating Raj Bhavan should not become a political center., Crime Branch investigation is currently underway regarding the exam malpractices in PSC., Minister M Liju acknowledged corruption in PSC but questioned the hasty recommendation before the inquiry report.