കേരളം എപ്പോഴും മുൻനിരയിൽ, നിരവധി മേഖലകളിൽ കേരളം രാജ്യത്തിന് നേതൃത്വം നൽകി- ഗവർണർ

#ന്യൂസ് ഡെസ്ക്
രാജേന്ദ്ര ആർലേകർ
രാജേന്ദ്ര ആർലേകർ

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ റിപ്പബ്ലിക് ദിന പ്രസംഗം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം തുടങ്ങി വിവിധ മേഖലകളിൽ കേരളം രാജ്യത്ത് മുൻനിരയിലാണെന്ന് ഗവർണർ പറഞ്ഞു. ഇനി വോട്ടിങ്ങിൽ 70-80 ശതമാനത്തിൽ നിന്ന് നൂറ് ശതമാനത്തിലേക്ക് എത്തിക്കണമെന്നും ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ പറഞ്ഞു.

പ്രസംഗത്തിലെ ഭാഗം;

ഇന്ത്യയുടെ വളർച്ച അതിന്റെ സാംസ്‌കാരിക തനിമയിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണ്, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യവും 'ജനാധിപത്യത്തിന്റെ മാതാവ്' എന്നും ഇന്ത്യയെ വിശേഷിപ്പിക്കുന്നു.ഇതുകൊണ്ടാണ് ലോകം ഇന്ത്യയുടെ പ്രകടനത്തെ ഉറ്റുനോക്കുന്നത്. അടുത്ത തലമുറയിൽ നിന്നും ഭാവി നേതാക്കളിൽ നിന്നും രാഷ്ട്രത്തിന് വലിയ പ്രതീക്ഷകളുണ്ട്.

ശക്തമായ സാംസ്‌കാരിക അടിത്തറയിട്ട മുൻതലമുറ നേതാക്കൾക്കും പരിഷ്‌കർത്താക്കൾക്കും സംസ്ഥാനം കടപ്പെട്ടിരിക്കുന്നു. ധർമ്മം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പരിഷ്‌കരണം തുടങ്ങിയ ആധുനിക മേഖലകളിൽ കേരളം എപ്പോഴും ഒരു മുൻനിര സംസ്ഥാനമായി കണക്കാക്കപ്പെടുന്നു. ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം രാജ്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൈസേഷൻ ശ്രമങ്ങൾ മികച്ച ഫലം നൽകിയിട്ടുണ്ട്. നമ്മുടെ പാരമ്പര്യവും ആധുനികവൽക്കരണവും ഒരുമിച്ച് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ പരിഷ്‌കരണങ്ങളിൽ കേരളം വീണ്ടും വഴി കാണിച്ചിരിക്കുന്നു. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. ഈ രംഗത്ത് മുന്നേറ്റം തുടരുകയും മറ്റ് മേഖലകളിൽ മികവ് പുലർത്താൻ ശ്രമിക്കുകയും വേണം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കുകയും വോട്ട് ചെയ്യുകയും വേണം.ഈ തവണ കേരളം 100 ശതമാനം വോട്ടിലേക്ക് നീങ്ങുമെന്ന് നമുക്ക് കാണിക്കാം

ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. കേരളത്തിലുള്ളവരും കേരളത്തിന് പുറത്തുള്ള മലയാളികളും സംസ്ഥാനത്തെത്തി അവരവരുടെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വോട്ടിങ് എന്നത് നമ്മുടെ എല്ലാവരുടേയും അവകാശമാണ്. കഴിഞ്ഞ ദിവസം വോട്ടേഴ്സ് ദിനമായിരുന്നു. വോട്ടിങ്ങിൽ കേരളം മാതൃകയാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

Content Highlights: Kerala`s Governor lauds state`s achievements in education, health & social reform. Calls for 100% voter turnout in upcoming elections.