വീര്യംകുറഞ്ഞ മദ്യത്തിന്റെ പേരിൽ സ്പിരിറ്റ് കലക്കി വിൽക്കാനും ഇടതുസർക്കാരിന്റെ അനുമതി

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ മറവിൽ സ്പിരിറ്റിൽ ഫ്ലേവർ ചേർത്ത് വിൽക്കാനുള്ള മദ്യക്കമ്പനിയുടെ അപേക്ഷയ്ക്കും ഇടതുസർക്കാർ അംഗീകാരം നൽകിയിരുന്നു. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് അന്ന് എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ല. ‘ഇതല്ല ഇടതുസർക്കാരിന്റെ മദ്യനയം’ എന്നുപോലും കമ്മിഷണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എട്ടുശതമാനം ആൽക്കഹോൾ അടങ്ങുന്ന മദ്യത്തെയാണ് വീര്യംകുറഞ്ഞ വിഭാഗത്തിൽ എക്‌സൈസ് കമ്മിഷണർ ഉൾപ്പെടുത്തിയത്. എന്നാൽ, ഇത് തിരുത്തിച്ച് 20 ശതമാനംവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ സർക്കാർ വിജ്ഞാപനമിറക്കിയത്.
ബക്കാഡി കമ്പനിയാണ് വീര്യംകുറഞ്ഞ മദ്യത്തിന് വിൽപ്പനാനുമതി നൽകണമെന്ന് കാണിച്ച് 2016 മുതൽ സർക്കാരിന് കത്ത് നൽകിയിരുന്നത്. ബക്കാഡി ബ്രീസർ (4.8 ശതമാനം) ബക്കാഡി പ്ലസ് (8 ശതമാനം) എന്നിവയ്ക്കാണ് വിൽപ്പനാനുമതി തേടിയത്.
ഇതിനിടെ എസ്.ഡി.എഫ്. ഇൻഡസ്ട്രീസ് എന്ന കമ്പനി 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനയ്ക്ക് അനുമതി തേടി അന്നത്തെ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന് അപേക്ഷ നൽകി. പിന്നാലെയാണ്, എസ്.ഡി.എഫിന്റെ അപേക്ഷകൂടി കണക്കിലെടുത്ത് ‘വീര്യം കുറഞ്ഞ മദ്യം’ എന്തെന്ന് നിശ്ചയിക്കാൻ കമ്മിഷണറോട് ആവശ്യപ്പെട്ടത്.
‘‘ഇറക്കുമതിചെയ്യുന്ന സ്പിരിറ്റിൽ പഴവർഗങ്ങളുടെ ഫ്ലേവർ ചേർത്ത് 10 ശതമാനംമുതൽ 20 ശതമാനംവരെ വീര്യമുള്ള മദ്യം നിർമിച്ച് കുറഞ്ഞ നികുതിയും ഡ്യൂട്ടിയും ചുമത്തി വിതരണം ചെയ്യുന്നതിനുള്ള പ്രപ്പോസലാണ് എസ്.ഡി.എഫ്. മന്ത്രിക്ക് നൽകിയത്. ഇത്തരം മദ്യം വിതരണം ചെയ്യുന്ന സാഹചര്യം വന്നാൽ ചാരായം പോലെ വിറ്റഴിക്കാൻ കാരണമാകും’’- ഇതായിരുന്നു അനന്തകൃഷ്ണൻ നൽകിയ മറുപടി.
എസ്.ഡി.എഫിന്റെ ആവശ്യംതള്ളി, 0.5 ശതമാനംമുതൽ എട്ടുശതമാനംവരെ വീര്യമുള്ള മദ്യത്തെ വീര്യംകുറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കമ്മിഷണർ ചട്ടഭേദഗതിക്കുള്ള കരട് തയ്യാറാക്കിയത്. അത് സർക്കാർ അംഗീകരിച്ചില്ല.
മാറ്റംവരുത്തി രണ്ടുദിവസത്തിനകം ശുപാർശ നൽകണമെന്ന് 2021 ഡിസംബർ 12-ന് ആവശ്യപ്പെട്ടു. ‘എസ്.ഡി.എഫ്. ഇൻഡസ്ട്രീസ് നൽകിയ അപേക്ഷയിൽ 10 മുതൽ 20 ശതമാനംവരെ വീര്യമുള്ള മദ്യം വീര്യംകുറഞ്ഞ ഗണത്തിൽപ്പെടുത്തി വിപണനത്തിനാണ് അനുമതി തേടിയത്.
അതിനാൽ വീര്യംകുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി ലഭ്യമാക്കണം’ എന്നുകൂടി വ്യക്തമാക്കിയായിരുന്നു കത്ത്. സർക്കാർ സമ്മർദം ചെലുത്തിയതോടെയാണ്, 20 ശതമാനം വീര്യമുള്ള മദ്യം ഉൾപ്പെടുത്തി ചട്ടഭേദഗതി കൊണ്ടുവരുന്നത്.
Content Highlights: Government approved spirit-based liquor sales despite Excise Commissioner's warning. Excise Commissioner S. Ananthakrishnan flagged potential risks of 10-20% alcohol content. The policy change allows 20% alcohol content to be classified as 'low-alcohol' liquor. Concerns raised that this move mimics illicit liquor (charayam) distribution patterns. Government pressured for the rule amendment despite official objections.