പട്ടികജാതി കുട്ടികൾക്കുള്ള പതക്കം മുടങ്ങി, നൽകേണ്ടത് 10,000 പവൻ

Representational Image
Representational Image

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്ക് സംസ്ഥാനസർക്കാർ നൽകാനുള്ളത് പതിനായിരം പവൻ സ്വർണപ്പതക്കം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവർക്കും ഉന്നതവിദ്യാഭ്യാസത്തിൽ റാങ്ക് നേടുന്നവർക്കും നൽകാറുള്ള അരപ്പവൻ സ്വർണപ്പതക്കം അഞ്ചുവർഷമായി വിതരണം ചെയ്തിട്ടില്ല.

എപ്ലസുകാരുടെ എണ്ണം കൂടിയതും സ്വർണവില കുതിച്ചുയർന്നതുമാണ് പതക്കത്തിന്റെ വിതരണം വൈകാൻ കാരണമെന്ന് സർക്കാർവൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. നേരത്തേ എസ്എസ്എൽസി റാങ്കുകാർക്കായി പ്രഖ്യാപിച്ചതാണ് സ്വർണമെഡൽ. റാങ്ക് മാറി, എ പ്ലസ് ആയപ്പോൾ വിദ്യാർഥികളുടെ എണ്ണം വൻതോതിൽ വർധിച്ചു. സ്വർണവിലയും സാമ്പത്തികപ്രതിസന്ധിയും കൂടിയതോടെ മെഡൽ വിതരണം സ്തംഭിച്ചു.

2019-ലാണ് ഏറ്റവും അവസാനമായി മെഡൽ വിതരണം ചെയ്തതെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ വിശദീകരണം. 2020 മുതൽ 2022 വരെയുള്ള മൂന്നുവർഷം 9954 കുട്ടികൾക്ക് പതക്കം നൽകിയിട്ടില്ല. 2023 മുതൽ 2025 വരെയുള്ള കണക്കുകളും തയ്യാറാക്കിയിട്ടില്ല. ഇത്രയും വർഷമെടുത്താൽ 20,000 കുട്ടികൾക്ക് സ്വർണപ്പതക്കം നൽകാനുണ്ടാവും. അരപ്പവൻ വെച്ചു കൂട്ടിയാൽ പതിനായിരം പവൻ!

സർക്കാരിന്റെ ധനപ്രതിസന്ധിയെക്കുറിച്ച് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കവേ, കോൺഗ്രസിലെ മാത്യു കുഴൽനാടൻ ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിയിൽ സ്വർണപ്പതക്കത്തിന്റെ കാര്യം നിഷേധിച്ചുമില്ല.

Content Highlights: Kerala govt owes 10,000 sovereign gold medals to Scheduled Caste students for academic achievements. Distribution halted for 5 years due to rising gold prices and student numbers.