പ്രത്യേക ഇളവുകള്‍ ഉള്‍പ്പെടുത്തി സ്ഥാനക്കയറ്റച്ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി വനംവകുപ്പ്

കോട്ടയം: പ്രത്യേക ഇളവുകള്‍ ഉള്‍പ്പെടുത്തി സ്ഥാനക്കയറ്റച്ചട്ടം ഭേദഗതി ചെയ്യുന്നതിന് വനംവകുപ്പ് ഒരുങ്ങുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിന് നിലവിലുള്ള മൂന്ന് വകുപ്പുതല പരീക്ഷയ്‌ക്കൊപ്പം അക്കൗണ്ട് ടെസ്റ്റുകൂടി ഉള്‍പ്പെടുത്തും. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് പരിശീലനവും വകുപ്പുതല പരീക്ഷകളും ഒഴിവാക്കും. സര്‍വീസിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കിള്‍തല സീനിയോറിറ്റിയും പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്റ്റേറ്റ് സീനിയോറിറ്റിയും ഏര്‍പ്പെടുത്തും. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിന് പ്രത്യേക വകുപ്പുതല പരീക്ഷ നടത്തും.
നിര്‍ബന്ധിത വകുപ്പുതല പരീക്ഷ ജയിക്കാതെ സ്ഥാനക്കയറ്റം കിട്ടിയവരെ സംരക്ഷിക്കാനാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ചട്ടപ്രകാരം യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കുകയും ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞദിവസം ഹൈക്കോടതി തള്ളി. നല്‍കിയ സ്ഥാനക്കയറ്റത്തിലെ അപാകം, ആവശ്യമെങ്കില്‍ പുതിയ ഭേദഗതിയിലൂടെ സര്‍ക്കാരിന് പരിഹരിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചട്ടത്തില്‍ ഇളവുവരുത്തുന്നത്.
1962 -ല്‍ നിലവില്‍വന്ന ഫോറസ്റ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ 2010-ലും 2014-ലും ഭേദഗതിചെയ്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നിര്‍ത്തിയിരുന്നു. പകരം ഇത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റംവഴിയുള്ള തസ്തികയാക്കി. പരിശീലനവും വകുപ്പുതല പരീക്ഷയും നിര്‍ബന്ധമാക്കി. ചട്ടത്തിലെ ഈ വ്യവസ്ഥകള്‍ പാലിക്കാതെ പത്തുവര്‍ഷത്തിലേറെയായി നടത്തിയ സ്ഥാനക്കയറ്റങ്ങളാണ് കേസില്‍ കുടുങ്ങിയത്.
വനംവകുപ്പിന്റെ അഞ്ച് സര്‍ക്കിളിലായി 947 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 284 പേര്‍ നിര്‍ബന്ധിത വകുപ്പുതലപരീക്ഷ ജയിക്കാതെ ഇപ്പോഴും തുടരുന്നുണ്ട്.
Content Highlights: kerala forest department amendments in officers promotions