ട്രോളിങ് നിരോധനം, കനത്ത മഴ: മീൻലഭ്യത വൻതോതിൽ കുറഞ്ഞു; മത്സ്യവ്യാപാരമേഖല പ്രതിസന്ധിയില്‍

കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് വ്യാഴാഴ്ച്ച രാവിലെ തോണിക്കാര്‍ കൊണ്ടുവന്ന പിഞ്ചമീന്‍
കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് വ്യാഴാഴ്ച്ച രാവിലെ തോണിക്കാര്‍ കൊണ്ടുവന്ന പിഞ്ചമീന്‍

കോഴിക്കോട്: ട്രോളിങ് നിരോധനത്തിനൊപ്പം കാറ്റും മഴയും കനത്തത്തോടെ മീന്‍ലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഇതോടെ മത്തിയും അയലയും ഉള്‍പ്പെടെയുള്ള മീനുകളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞദിവസം അയലയും മത്തിയും കിലോഗ്രാമിന് 400 രൂപയ്ക്കാണ് വിറ്റത്. മത്തിക്ക് 350 രൂപയും അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. ട്രോളിങ് നിരോധനസമയത്ത് മൂന്നുപേര്‍ക്കുമുതല്‍ 40 പേര്‍ക്കുവരെ പോകാവുന്ന പരമ്പരാഗത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ളത്. എന്നാല്‍, ഇത്തവണ ട്രോളിങ് തുടങ്ങിയ ജൂണ്‍ ഒന്‍പതുമുതല്‍ കനത്ത മഴയും കാറ്റും തുടങ്ങി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതാണ് മീന്‍ കിട്ടുന്നത് വന്‍തോതില്‍ കുറഞ്ഞതിന് കാരണം.

ദിവസങ്ങള്‍ക്കുശേഷം മാനം അല്പം തെളിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്. പുതിയാപ്പയില്‍നിന്ന് ബുധനാഴ്ച രാവിലെ പോയിവന്ന 40 പേരുള്ള വള്ളത്തിന് ആയിരം കിലോഗ്രാം വട്ടച്ചാളയാണ് കിട്ടിയത്. സാധാരണ കിലോഗ്രാമിന് 50 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന ഈ മീന്‍ ബുധനാഴ്ച 147 രൂപയ്ക്കാണ് മൊത്തവിപണിയില്‍ വിറ്റത്. വെള്ളയില്‍ ഹാര്‍ബറില്‍ വൈകീട്ടെത്തിയ മൂന്നുപേരടങ്ങിയ വള്ളത്തിന് 10 കിലോ മത്തി കിട്ടി. വ്യാഴാഴ്ചയും വള്ളക്കാര്‍ക്ക് ചെറിയതോതില്‍ വട്ടചാള, നെത്തോലി എന്നിവ കിട്ടി. വളര്‍ത്തുചെമ്മീനും ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. 300 മുതല്‍ 400 രൂപവരെയാണ് കിലോഗ്രാമിന് വില.

'വരുംദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാനാവുകയും തമിഴ്‌നാട്ടില്‍നിന്നുള്‍പ്പെടെ മീന്‍ വരുന്നത് കൂടുകയും ചെയ്യുന്നതോടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്' -കച്ചവടക്കാരനായ ഷാഫി പറഞ്ഞു.

മത്സ്യവ്യാപാരമേഖല പ്രതിസന്ധിയില്‍

മുക്കം : മത്സ്യലഭ്യത കുറയുകയും വില കുത്തനെ കൂടുകയും ചെയ്തതോടെ ജില്ലയിലെ മത്സ്യവ്യാപാരമേഖല പ്രതിസന്ധിയില്‍. മത്സ്യംകിട്ടാത്തതിനാല്‍ ജില്ലയിലെ ഒട്ടേറെ ചെറുകിട മത്സ്യവില്‍പ്പനകേന്ദ്രങ്ങള്‍ താത്കാലികമായി പൂട്ടി. ട്രോളിങ് നിരോധനത്തിനൊപ്പം അടിക്കടിയുണ്ടാകുന്ന ചുവപ്പ് മുന്നറിയിപ്പാണ് പ്രതിസന്ധിയെന്ന് വ്യാപാരികള്‍ പറയുന്നു.

മത്സ്യക്കടകളില്‍ 800 മുതല്‍ 1200 രൂപവരെയാണ് തൊഴിലാളികളുടെ കൂലി. ശരാശരി മൂന്നുമുതല്‍ അഞ്ചുവരെ തൊഴിലാളികള്‍ കടകളിലുണ്ടാകും. ഇത്രയും ഭീമമായ തുക കൂലിനല്‍കി കട നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനുപുറമേ ഭീമമായതുക വാടകയും നല്‍കണം. ബുധനാഴ്ച ഹാര്‍ബറില്‍ മത്തിയുടെ മൊത്തവില 350 രൂപവരെയായിരുന്നു. 380 മുതല്‍ 400 വരെ രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ മലയോരമേഖലയിലുള്‍പ്പെടെ വില്‍പ്പന നടത്തിയത്. ഗതാഗതനിരക്കും ഐസിന്റെ വിലയും മാത്രം ഈടാക്കിയാണ് വില്‍പ്പന നടത്തിയതെന്നും സാമ്പത്തികനഷ്ടത്തിനൊപ്പം ഉപഭോക്താക്കളുടെ നീരസംകൂടി സഹിച്ച് വ്യാപാരം നടത്താനാകില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.

മത്സ്യഫെഡിലും മീനെത്തിയില്ല

കഴിഞ്ഞദിവസങ്ങളില്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്തതിനാല്‍ മത്സ്യഫെഡിലും മീനെത്തുന്നത് കുറഞ്ഞു. നാലുദിവസത്തോളം കാര്യമായ വില്‍പ്പന നടന്നില്ല. വ്യാഴാഴ്ചയാണ് മീനെത്തിയത്. പുതിയാപ്പയില്‍നിന്ന് കൊണ്ടുവന്ന ചാള, ചെറിയ അയല, ചൂട എന്നിവയാണ് വ്യാഴാഴ്ച ഉണ്ടായിരുന്നത്. ചാള കിലോഗ്രാമിന് 170 രൂപയ്ക്കും ചൂട 290 രൂപയ്ക്കും ചെറിയ അയല 200 രൂപയ്ക്കുമാണ് വിറ്റത്.

പുറത്തുനിന്നുള്ള മീന്‍വരവും കുറഞ്ഞു

കേരളത്തില്‍ മീന്‍ലഭ്യത കുറയുമ്പോഴും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് സാധാരണ ധാരാളം മീന്‍ എത്താറുണ്ട്. എന്നാല്‍, ഇത്തവണ അതിലും കുറവുണ്ടായി. തമിഴ്‌നാട്ടില്‍ ജൂണ്‍ 15-നാണ് ട്രോളിങ് നിരോധനം അവസാനിച്ചത്. അതുകഴിഞ്ഞ് പ്രതികൂല കാലാവസ്ഥ കാരണം അവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല.

ആന്ധ്രപ്രദേശില്‍നിന്ന് കുറച്ച് അയല എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് ചുരുക്കുവലയിട്ട് പിടിക്കുന്ന മത്തിയും കുറഞ്ഞതോതില്‍ വരുന്നുണ്ട്. ഇതോടെയാണ് വില ഉയര്‍ന്നത്. തമിഴ്‌നാട്ടില്‍നിന്ന് പപ്പന്‍സ് (ബാറ്റ്) എന്ന മീനാണ് പിന്നെയെത്തുന്നത്. കിലോഗ്രാമിന് 350 രൂപയാണ് മൊത്തവില്‍പ്പന വില. മുറിച്ചുവില്‍ക്കുന്ന ഈ മീനിന് 550 മുതല്‍ 600 രൂപവരെയാണ് ചില്ലറവില്‍പ്പന വില.

അയക്കൂറ, ആവോലി തുടങ്ങിയ മീനുകള്‍ കിട്ടാനേയില്ല. ശീതീകരിച്ച് സൂക്ഷിച്ചവയാണ് ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതലും. ഇതിന് പൊള്ളുന്ന വിലയുമാണ്. ആവോലി കിലോഗ്രാമിന് 700 മുതല്‍ 800 രൂപവരെയാണ് വില. അയക്കൂറ 1300 രൂപയാണ് മൊത്തവില്‍പ്പന വില. ചില്ലറവിപണിയില്‍ 1600 രൂപവരെ നല്‍കേണ്ടിവരും.

ഗുജറാത്തില്‍നിന്ന് തോണിയില്‍ പോയി പിടിക്കുന്ന റെഡ് ഫിഷും വിപണിയിലെത്തുന്നുണ്ട്. 350 മുതല്‍ 400 രൂപയാണ് മൊത്തവില. വിപണിവില 600 രൂപയാണ്. ചെന്നൈയില്‍നിന്നെത്തുന്ന മുള്ളന്‍ 180 മുതല്‍ 200 രൂപയ്ക്കാണ് മൊത്തവില്‍പ്പന.

ചില്ലറവിപണിയില്‍ മുള്ളന് 250 മുതല്‍ 300 രൂപവരെ വിലനല്‍കണം. ആന്ധ്രയില്‍നിന്ന് കുറഞ്ഞതോതില്‍ അടല്‍ മാന്തയും എത്തുന്നുണ്ട്. മൊത്തവിപണിയില്‍ 350 രൂപയും ചില്ലറവിപണിയില്‍ 400 രൂപയുമാണ് വില.

പുറത്തുനിന്ന് സാധാരണയായി എത്തുന്ന നല്ല മീനുകളൊന്നും വരുന്നില്ല. ബുധനാഴ്ചമുതല്‍ കുറച്ചു വള്ളങ്ങള്‍ക്കൊക്കെ മീന്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. മഴകുറഞ്ഞെങ്കിലും ഇപ്പോഴും കടല്‍ പ്രക്ഷുബ്ധമാണ്. അപ്പോള്‍ മീന്‍കിട്ടാനുള്ള സാധ്യതയും കുറവാണ്. കല്യാണപ്പാര്‍ട്ടികള്‍ക്കൊന്നും ഓര്‍ഡര്‍ അനുസരിച്ച് ആവശ്യത്തിന് നല്‍കാനാവുന്നില്ല. -റഷീദ് , മത്സ്യവില്‍പ്പന ഏജന്റ്

Content Highlights: Heavy rains & fishing ban cause fish shortage in Kerala, leading to skyrocketing prices.