ഒരു നക്ഷത്രമെങ്കിലും ചുമലിലില്ലാതെ അഗ്‌നിരക്ഷാസേനയില്‍നിന്ന് ഇനി ആരും വിരമിക്കില്ല

കോഴിക്കോട്: യൂണിഫോമിന്റെ ചുമലില്‍ ഒരുനക്ഷത്രമെങ്കിലും ഇല്ലാതെ സംസ്ഥാനത്തെ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരാരും ഇനി വിരമിക്കില്ല. അതിന് സൗകര്യംലഭിക്കുന്നരീതിയില്‍ ഉദ്യോഗസ്ഥരുടെ ഗ്രേഡ് സ്ഥാനക്കയറ്റത്തിനുള്ള കാലയളവ് കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
പുതിയ ഉത്തരവുപ്രകാരം 12 വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ച ഫയര്‍മാനും ഡ്രൈവര്‍ മെക്കാനിക്കിനും ഗ്രേഡ് സ്ഥാനക്കയറ്റംനല്‍കി സീനിയര്‍ ഫയര്‍മാനും സീനിയര്‍ ഡ്രൈവര്‍ മെക്കാനിക്കുമാക്കും.
അതുപോലെ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ചവരെ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസറായും 25 വര്‍ഷം പൂര്‍ത്തീകരിച്ചവരെ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസറായും നിയമിക്കും. ഈ ഗ്രേഡ് സ്ഥാനക്കയറ്റത്തില്‍ സാമ്പത്തികലാഭം ഉണ്ടാകില്ലെങ്കിലും ഉയര്‍ന്ന തസ്തികയിലുള്ള യൂണിഫോം ധരിക്കാന്‍ സാധിക്കുമെന്നത് സേനാംഗങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വവും അഭിമാനവുമുണര്‍ത്തും.
നാലായിരത്തോളം അംഗങ്ങളുള്ള അഗ്‌നിരക്ഷാസേനയില്‍ 129 പേര്‍ക്ക് മാത്രമാണ് സ്റ്റേഷന്‍ ഓഫീസര്‍ സ്ഥാനം ലഭിക്കുക. ഇതില്‍ പകുതിപ്പേരെ നേരിട്ട് നിയമിക്കുന്നതിനാല്‍ ശരാശരി 65 പേര്‍ക്ക് മാത്രമാകും സ്ഥാനക്കയറ്റത്തിലൂടെ സ്റ്റേഷന്‍ ഓഫീസര്‍ തസ്തിക ലഭിക്കുക. അതേ അനുപാതത്തില്‍ത്തന്നെയാണ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരുടെയും നിയമനം.
പുതിയ ഗ്രേഡ് ഉദ്യോഗസ്ഥര്‍ വരുന്നതിലൂടെ ഒറ്റനക്ഷത്രവും ഇരട്ടനക്ഷത്രവും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം ഏതാണ്ട് ഇരട്ടിയാകും. അതോടെ രാത്രി ഡ്യൂട്ടിയില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകുന്നരീതിയിലേക്ക് സേന മാറിയേക്കും.
ഇതിനുമുന്‍പ് 2017-ലാണ് ഗ്രേഡ് സ്ഥാനക്കയറ്റം ഫയര്‍ഫോഴ്‌സില്‍ നടപ്പാക്കിയത്. അന്നുണ്ടായിരുന്ന കുറവുകള്‍ ചൂണ്ടിക്കാട്ടി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ മാറ്റംവരുത്തുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഫയര്‍ ഉദ്യോഗസ്ഥരുടെ ഗ്രേഡ് സ്ഥാനക്കയറ്റത്തിനുള്ള കാലയളവ് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Content Highlights: Kerala Fire Force: Promotion Changes, Faster Grade Advancement