‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’; ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

കെ.ആർ. രമിത്, ബാബു നൈസ്, റസാഖ് താഴത്തങ്ങാടി
കെ.ആർ. രമിത്, ബാബു നൈസ്, റസാഖ് താഴത്തങ്ങാടി

തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച 2026–27 വർഷത്തെ സംസ്ഥാനതല ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1000-ലേറെ ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്.

മത്സരത്തിൽ വയനാട് സ്വദേശിയായ കെ.ആർ. രമിത് ഒന്നാം സമ്മാനമായ 20,000 രൂപയ്ക്ക് അർഹനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ബാബു നൈസ് രണ്ടാം സമ്മാനമായ 10,000 രൂപയും കോട്ടയം സ്വദേശിയായ അബ്ദുൽ റസാഖ് മൂന്നാം സമ്മാനമായ 5,000 രൂപയും നേടി. തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതവും നൽകും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്ത് പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരള കർഷകൻ മാസികയിൽ പ്രസിദ്ധീകരിക്കും.