മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിലുറച്ച് കേരളം; അനുവദിക്കില്ലെന്ന് തമിഴ്നാട്

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിലുറച്ച് കേരളം. സംസ്ഥാനസന്ദർശനത്തിനെത്തിയ ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് കേരളത്തിന്റെ പ്രതിനിധികൾ ആവശ്യം വീണ്ടും ഉന്നയിച്ചത്.
അപകടാവസ്ഥ നേരിട്ട് വിലയിരുത്താൻ വിദഗ്ധസമിതി (കോംപ്രിഹൻസീവ് ഡാം ഇവാലുവേഷൻ കമ്മിറ്റി) എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കണമെന്ന് ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ കേരളത്തിലെ ജനങ്ങൾ എത്രത്തോളം ആശങ്കയിലാണെന്ന് മനസ്സിലാകൂ.
ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്‌നാടിന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ, 142 അടിയിൽനിന്ന് ഒരിഞ്ചുപോലും ഉയർത്താൻ പറ്റില്ലെന്ന് കേരളം നിലപാടെടുത്തു. പുതിയഡാം പണിയാൻ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിൽനിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗം തങ്കത്തമിഴ് സെൽവൻ എം.പി.യും അവിടുത്തെ ഉദ്യോഗസ്ഥരും പറഞ്ഞു.
മുല്ലപ്പെരിയാർ കേരളത്തിലെ അഞ്ച് ജില്ലയിലെ 35 ലക്ഷം ജനങ്ങളുടെ ആശങ്കയാണെന്ന് ചർച്ചയ്ക്കുശേഷം സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെബി മേത്തർ എം.പി. പറഞ്ഞു. തമിഴ്നാടിന് വെള്ളം നൽകില്ലെന്ന് പറഞ്ഞിട്ടില്ല. അവിടുത്തെ ജനങ്ങളുടെ ആശങ്കയും പരിഹരിക്കുന്ന രീതിയിൽ കാര്യങ്ങൾ പര്യവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.പി. പറഞ്ഞു.
മൂന്നാറിൽനടന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പി. അധ്യക്ഷനായി. തമിഴ്നാടും കേരളവും രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളാണെന്നും ഇരുസംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനാണ് കേന്ദ്ര ജലവിഭവവകുപ്പ് ശ്രമിക്കുന്നത്.
സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പറയാനുള്ളതും കേൾക്കും. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമായ തീരുമാനം ആണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ സ്പെഷൽ സെക്രട്ടറി എസ്.സുഹാസും ചർച്ചയിൽ പങ്കെടുത്തു.
Content Highlights: Kerala officially demands the construction of a new Mullaperiyar dam., Call for immediate inspection by the Comprehensive Dam Evaluation Committee., Kerala maintains a strict stance against raising the water level beyond 142 feet., Tamil Nadu opposes the construction of a new dam., Parliamentary Committee promises to present both states' requirements to the Union Government.