വിവാഹനിശ്ചയത്തിനെടുത്ത സാരിയുടെ നിറം മങ്ങി, 36500 രൂപ പിഴ; 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവ്

പ്രതീകാത്മക ചിത്രം | Photo: AI
പ്രതീകാത്മക ചിത്രം | Photo: AI

കൊച്ചി: സഹോദരിയുടെ വിവാഹ നിശ്ചയത്തിന് വാങ്ങിയ സാരിയുടെ നിറം മങ്ങിയെന്ന പരാതിയിൽ  കടയുടമയ്ക്ക് 36500 രൂപ പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസിന്റെ പരാതിയിൽ ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തിയത്.

സാരിയുടെ നിറം പോയെന്ന് പരാതിപ്പെട്ടപ്പോൾ കടയുടമ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറഞ്ഞു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയാണെന്നും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചൂണ്ടിക്കാട്ടി.

വിവാഹ നിശ്ചയത്തിനായി ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കുമായി 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരൻ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിർകക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അതിൽ 16,500 രൂപ വിലയുള്ള സാരി ഉടുത്ത്, ആദ്യ ദിവസം തന്നെ നിറം പോവുകയായിരുന്നു. വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാൽ പരാതിക്കാരനും ഭാര്യയ്ക്കും ഏറെ മനഃക്ലേശം ഉണ്ടായി. ഇ-മെയിൽ, വക്കിൽ നോട്ടീസ് വഴി സാരിയുടെ ന്യൂനത എതിർകക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.

കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങിൽ ധരിച്ച സാരിയുടെ നിറം പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ,  നഷ്ടപരിഹാരം, കോടതി ചിലവ് എന്നിവക്ക് 20,000 രൂപയും  45 ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ.ആൽവിൻ ജ്വൽ എസ്.എസ്. ഹാജരായി.

Content Highlights: Wedding Sari Color Fades, Retailer Penalized ₹36,500