തീരത്ത് കടൽപ്പായലുകളുടെ ‘ചാകര’; കണ്ടെത്തിയവയിൽ ഭക്ഷ്യയോഗ്യമായതും വാണിജ്യമൂല്യമുള്ളതും

#വിഷ്ണു വിജയകുമാർ
• തീരങ്ങളിൽ കണ്ടെത്തിയ കടൽപ്പായലുകൾ
• തീരങ്ങളിൽ കണ്ടെത്തിയ കടൽപ്പായലുകൾ

തിരുവനന്തപുരം: കേരളതീരങ്ങളിൽ രണ്ടുവർഷത്തിനിടെ ഗവേഷകർ കണ്ടെത്തി വർഗീകരിച്ചത് 64 പുതിയ ഇനം കടൽപ്പായൽ (ആൽഗെ). സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള തീരപ്രദേശങ്ങളിൽനിന്നുമാണ് ഭക്ഷ്യയോഗ്യമായതും വാണിജ്യമൂല്യമുള്ളതുമായ വ്യത്യസ്ത ഇനത്തിൽപ്പെടുന്ന കടൽപ്പായലുകളെ സംഘം തിരിച്ചറിഞ്ഞത്. ഔദ്യോഗിക കണക്കുപ്രകാരം 36 വിവിധയിനം ആൽഗെകളെയാണ് കണ്ടുപിടിച്ചിട്ടുള്ളത്. ഇനി ഈ സംഖ്യ നൂറാകും.

സർഗാസം, പോർഫൈറ, ഗ്രാറ്റിലോപ്പിയ, ആൾവ, പെഡൈന, ഡിക്ടിയോട്ട, കൊളർപ്പ തുടങ്ങിയ ആൽഗെ ഇനത്തിൽപ്പെട്ടവയാണ് ഇവർ ശേഖരിച്ചത്. തിരുവനന്തപുരം വഴുതക്കാട് വിമെൻസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോ. പ്രൊഫസർ എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ഡോ. എ. മനോജ്കുമാർ, ഡോ. ബോസ്‌കോ ലോറൻസ്, ജെ.എസ്. അബിൻലാൽ, കുഫോസ് അസി. പ്രൊഫസർ എം.പി. പ്രഭാകരൻ എന്നിവർ അടങ്ങുന്ന ഗവേഷക സംഘമാണ് ഇതിനു ചുക്കാൻപിടിച്ചത്.

പായലുകളുടെ സവിശേഷതകൾ മനസ്സിലാക്കി അവയെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. മരുന്നുത്‌പാദനത്തിൽമുതൽ സൗന്ദര്യവർധിത ഉത്‌പന്നങ്ങളുടെ നിർമാണത്തിൽവരെ ഇവയെ പ്രയോജനപ്പെടുത്താം. പോഷകമൂല്യത്തെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്.

പൊതുവേ അന്നജത്താലും മനുഷ്യശരീരത്തിനാവശ്യമായ മറ്റു മൂലകങ്ങളാലും സമ്പുഷ്ടമായ ഇത്തരം ആൽഗെകളെ വിഭവങ്ങളുണ്ടാക്കാനായി ഉപയോഗിക്കാൻ കഴിയുമെന്നും പഠനം തെളിയിക്കുന്നു. ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറായിക്കഴിഞ്ഞെന്ന് ശ്യാംകുമാർ പറഞ്ഞു.

Content Highlights: Kerala's Coastal Waters Yield 64 New Algae Species: A Boon for Biodiversity and Industry