ക്ഷേമമില്ല, വികസനവഴിയേ; കന്നി ബജറ്റിൽ നികുതി ഭാരമില്ല

#ടി.ജി. ബേബിക്കുട്ടി
മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി
മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി

തിരുവനന്തപുരം: വിസ്മയങ്ങളുടെ വേലിയേറ്റമില്ലെങ്കിലും തീരദേശത്തെത്തഴുകി മാരിടൈം സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ നയിക്കാനുള്ള ‘പുതുയുഗ’പ്രഖ്യാപനങ്ങളോടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നിബജറ്റ്. സ്വകാര്യപങ്കാളിത്തത്തോടെയുള്ള വികസനപദ്ധതികൾക്ക് വാതിൽതുറന്നിട്ടാണ് പുതിയ സർക്കാർ അധികാരമേറ്റതിനുപിന്നാലെയുള്ള നടപ്പുസാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ്.

വിഭവസമാഹരണത്തിനായി നികുതി അടിച്ചേൽപ്പിക്കലുകളൊന്നുമില്ലെങ്കിലും ഫ്ലഡ് സെസ്, ചെറുകിട നികുതി ക്കുടിശ്ശികകൾ എന്നിവ പിരിച്ചെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവില പരിഷ്കരണ നടപടികളും വരുമാനം ലക്ഷ്യമിട്ടാണ്.

സാമൂഹിക വികസനസൂചികകൾ ചലിപ്പിച്ച് പുതുയുഗകേരളം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ബജറ്റ് ‘ജെൻസീ’ക്കും ന്യൂജെൻ ടെക്‌നോളജിക്കും ഊന്നൽ നൽകുന്നുണ്ട്.

പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിക്കും വയോജനക്ഷേമവകുപ്പിനും പണം അനുവദിച്ചും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവർത്തിച്ചുറപ്പിച്ചും തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്ന ഇന്ദിരാഗാരന്റി ബജറ്റിൽ ഇടംപിടിച്ചു.

ക്ഷേമമില്ല വികസനവഴിയേ

മിഷൻ സമുദ്ര

റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ നിർമാണമേഖല, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെ കൂട്ടിയിണക്കിയാണ് മാരിടൈം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം സ്വപ്നം കാണുന്നത്. ഇതിനായി ‘മിഷൻ സമുദ്ര’ വരും.

രണ്ടാം ഭൂപരിഷ്കരണം

സംരംഭകർക്കും മറ്റും ഭൂലഭ്യത ഉറപ്പാക്കാനും ഭൂനിയമങ്ങൾ പരിഷ്കരിക്കുന്നതിനുമായി രണ്ടാം ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു. നിക്ഷേപകരെ ആകർഷിക്കാനായി അവർക്ക് ആവശ്യമായ ഭൂമി, നിയമപരമായ അനുമതി, നിക്ഷേപാനന്തര പിന്തുണ എന്നിവയ്ക്കായി ഇൻവെസ്റ്റ് കേരളം എന്ന ഏകജാലക സംവിധാനവും അതിനുള്ള മാർഗരേഖയുംവരും. നിക്ഷേപം ആകർഷിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉപദേശകസമിതിക്കും രൂപംനൽകും. നിക്ഷേപകർക്കായി ഇൻവെസ്റ്റ്‌മെന്റ് സോണും വരും.

സാന്പത്തിക ഇടനാഴി

ആഴക്കടൽ തുറമുഖം, തീരദേശത്തെ ധാതുസമ്പത്ത്, ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയെല്ലാമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തി ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയും റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് ഇടനാഴിയും സൃഷ്ടിക്കും..

ഏവിയേഷൻ ഹബ്ബ്

വിമാനത്താവളങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഏവിയേഷൻ ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന പദ്ധതികളും വരും.

പ്രവാസിഫണ്ട്

പ്രവാസിനിക്ഷേപം ഉറപ്പാക്കുന്നതിനുള്ള പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്, ഫർണിച്ചർ, ഗോൾഡ് ഹബ്ബുകൾ എന്നിവയും സംരംഭകരെ ആകർഷിക്കുമെന്ന് കരുതുന്നു.

കേരള നോളജ് വാലി

ഭാവിയിലെ തൊഴിലവസരങ്ങളുമായി യുവാക്കളെ സംയോജിപ്പിക്കുന്നതിനുള്ള ഗ്ലോബൽ ജോബ് വാച്ച് ടവർ, ഉന്നതവിദ്യാഭ്യാസലക്ഷ്യകേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള കേരള നോളജ് വാലി എന്നീ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമാണ്.

10,000 സംരംഭങ്ങൾ

പതിനായിരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾകൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകർക്ക് സഹായധനമുണ്ടാകും. മത്സ്യത്തൊഴിലാളി പദ്ധതിനിർവഹണത്തിന് സബ് പ്ലാൻ, 75 രൂപ മണ്ണെണ്ണ സബ്‌സിഡി, മത്സ്യവിപണനത്തിന് ഷീ സ്കൂട്ടർ, റബ്ബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചു.

ഇ- വണ്ടികൾ: വിലകുറയും

40 ലക്ഷത്തിനുമുകളിലുള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി 10-ൽനിന്നും 15 ശതമാനമാക്കി. അതേസമയം, പത്തുലക്ഷം വരെയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നികുതി അഞ്ച്‌ ശതമാനത്തിൽനിന്ന്‌ മൂന്നാക്കി. 15-20 ലക്ഷം വരെയുള്ളതിന്റെ നികുതി എട്ടിൽനിന്ന്‌ അഞ്ചാക്കി.

വയനാട്‌ ട്രൈബൽ സർവകലാശാല: 50 കോടി

വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാപനമേഖലയും സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. .

ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ

പ്രമുഖ തീർഥാടനകേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിച്ച് ദേശീയ തീർഥാടന കേന്ദ്രമാക്കാൻ ശ്രമിക്കുമെന്ന് ബജറ്റ്. തിരുവിതാംകൂർ ദേവസ്വംബോർഡിന് വർഷം നൽകുന്ന അന്വിറ്റി വിഹിതത്തിന് അഞ്ചുകോടിയും നീക്കിവെച്ചു.

Content Highlights: Focus on maritime economy growth and private sector participation., Introduction of revenue-generating measures like fair land value revision., Emphasis on Gen-Z technology and modern digital infrastructure., Welfare initiatives including Priyadarshini travel scheme and Oommen Chandy health insurance., Implementation of Indira Guarantee scheme as promised.