സഭയില്‍ ചിരിപടര്‍ത്തി മന്ത്രി രാജേഷിന്റെ കമ്പിളിപ്പുതപ്പ് പരാമര്‍ശം; സാക്ഷിയായി കഥാപാത്രവും

തിരുവനന്തപുരം: തദ്ദേശസ്ഥാനപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാത്ത വിഷയം ഉന്നയിച്ച് നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കൂട്ടച്ചിരി പടര്‍ത്തി കമ്പിളിപ്പുതപ്പ് പരാമര്‍ശവുമായി മന്ത്രി എം.ബി രാജേഷ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ടി.സിദ്ദീഖ് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. മരിച്ചുവീഴുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.
സഭയില്‍ സിദ്ദിഖ് വിമര്‍ശനവുമായി കത്തിക്കയറി പ്രസംഗം അവസാനിപ്പിച്ചു. പിന്നാലെ മറുപടി നല്‍കാന്‍ മന്ത്രി എംബി രാജേഷ് എഴുന്നേറ്റു. മറുപടിയില്‍, സഭയിലുണ്ടായിരുന്ന നടന്‍ കൂടിയായ മുകേഷ് എംഎല്‍എയുടെ സിനിമാ ഡയലോഗ് മന്ത്രി കടമെടുത്തതോടെയാണ് സഭയിലെ പിരിമുറുക്കം കുറഞ്ഞത്. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേല്‍പ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.കേന്ദ്ര സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും ഇല്ല. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിദ്ധിഖിന്റെ ഉശിരന്‍ പ്രസംഗത്തില്‍ ഒരുവരിപോലും പറഞ്ഞില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.
നിങ്ങളെ ഇത് എന്തുകൊണ്ട് സ്പര്‍ശിക്കുന്നില്ല എന്നാണു മനസിലാകാത്തത്. 24 നഗരസഭകള്‍ക്കു കേന്ദ്ര ഫണ്ട് അനുവദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതു കേട്ട മട്ടേയില്ല. കമ്പളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്നൊരു സിനിമയില്‍ പറയുന്നില്ലേ, അതുപോലെയാണ്. ആ ഡയലോഗ് പറഞ്ഞയാള്‍ സഭയില്‍ ഇരിക്കുന്നുണ്ടെന്ന് നടന്‍ മുകേഷിനെ ചൂണ്ടി രാജേഷ് പറഞ്ഞതോടെ സഭയില്‍ കൂട്ടച്ചിരി ഉയര്‍ന്നു. അതുപോലെയാണ് യുഡിഎഫ് സംസാരിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷത്തെ കുത്തിപ്പറഞ്ഞു.
കഴിഞ്ഞ,വര്‍ഷത്തെ പദ്ധതികള്‍ മുടങ്ങി ഈ വര്‍ഷവും നടക്കില്ല എന്ന അവസ്ഥയാണെന്ന് ടി.സിദ്ദിഖ് അടിയന്തര പ്രമേയം അവതരിപ്പിച്ച് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ട്രഷറിയില്‍ പണമിടപാട് നിര്‍ത്തിവച്ചതിന്റെ പിറ്റേദിവസം പണം അനുവദിച്ചു.പിന്നെ എങ്ങനെയാണ് പണം ചെലവാക്കാന്‍ കഴിയുന്നത്.സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പണം നല്‍കുന്ന കറവ പശുക്കളായി തദ്ദേശസ്ഥാപനങ്ങള്‍ മാറി.നവകേരള സദസ്സിനുവേണ്ടി പണം പിരിച്ചു. പാല് തന്ന തദ്ദേശസ്ഥാപനങ്ങളെ കൊല്ലാന്‍ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേല്‍പ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മറുപടി നല്‍കവെ മന്ത്രി ചൂണ്ടിക്കാട്ടി. അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്. സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ട്.സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് തുക അനുവദിച്ചത്.സാമ്പത്തിക വര്‍ഷാവസാനം ബില്ലുകള്‍ മാറാനായില്ല. 1015 കോടി ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റിയിരുന്നു.വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിഷന്‍ ഗ്രാന്റിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കേന്ദ്രം കാണിക്കുന്ന വിവേചനം ഒരുമിച്ചുനിന്നു നേരിടണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു.
Content Highlights: kerala assmbly-mb rajesh-kambili puthappu