അപക്വമായ ഒരു പരാമർശവും നടത്തിയിട്ടില്ല, സുധാകരന് അങ്ങനെ തോന്നിയത് എന്തുകൊണ്ടെന്നറിയില്ല- കെസി ജോസഫ്

കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് മുതിർന്ന നേതാവ് കെ.സി. ജോസഫ്. അപക്വമായ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സുധാകരൻ അത്തരത്തിൽ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് സുധാകരന് താൻ പറഞ്ഞ കാര്യം അപക്വമെന്ന് തോന്നിയതെന്നറിയില്ലെന്ന് പറഞ്ഞ ജോസഫ്, പാംപ്ലാനി ബിഷപ്പിനെ സുധാകരൻ ഇപ്പോഴെങ്കിലും കണ്ടത് നല്ല കാര്യമെന്നും കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'താൻ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ടാണ് അപക്വമെന്ന് അദ്ദേഹം പറഞ്ഞത് എന്ന കാര്യം മനസ്സിലാകുന്നില്ല. അപക്വമായ ഒരു പരാമർശവും നടത്തിയിട്ടില്ല. ആകെ ആവശ്യപ്പെട്ടത്, ബിജെപി ന്യൂനപക്ഷ സമൂഹത്തോടും, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തോടും വരുത്തിയ മാറ്റത്തെക്കുറിച്ചാണ്. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിനും യു.ഡി.എഫിനും മുന്നറിയിപ്പാണ്. ഇത് കണക്കിലെടുത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടാകണം. ചർച്ച ചെയ്യാൻ വേണ്ടി രാഷ്ട്രീയകാര്യ സമിതിയെ വിളിച്ചു കൂട്ടണം. കെ. മുരളീധരനും രമേശ് ചെന്നിത്തലയും നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് ഇത്. ഈ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അറിയില്ല'- കെ.സി. ജോസഫ് പറഞ്ഞു.
സമീപകാലത്തുണ്ടാകുന്ന സംഭവവികാസങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് കോൺഗ്രസിന് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് എല്ലാ സമുദായക്കാരോടുമുള്ള ബന്ധം ശക്തമാക്കണമെന്നും കൂട്ടിച്ചേർത്തു.
Content Highlights: kc joseph reply to kpcc president k sudhakaran