മന്ത്രിയുടെ ഉറപ്പിനും വിലയില്ല; കാസർകോട്ട് റവന്യൂവകുപ്പിനെതിരേ സിപിഐ സമരം

കാസർകോട്: കുടിൽകെട്ടി അന്തിയുറങ്ങിയിരുന്ന ഇത്തിരി മണ്ണിന് പട്ടയം തേടിയുള്ള പോരാട്ടം 35 വർഷമായിട്ടും വിജയിപ്പിക്കാനാകാത്തതിന്റെ മനോവേദനയിൽ ചെങ്കള വില്ലേജിലെ കെ.കെ. പുറം വീട്ടിൽ ഗോപി 2023 ജനുവരിയിലാണ് ജീവൻ വെടിഞ്ഞത്. തുടർന്ന് പോരാട്ടം ഭാര്യ ശാന്തയും മക്കളും ഏറ്റെടുത്തു. റവന്യൂ ഓഫീസുകൾ കയറിയിറങ്ങി നിവേദനം നൽകി. നടപടികളെല്ലാം പൂർത്തിയായതായും പട്ടയമേളയിൽ പട്ടയം നൽകുമെന്നും 2024-ലും '25-ലും റവന്യൂമന്ത്രി കെ. രാജൻ നേരിട്ട് ഉറപ്പുനൽകി. എന്നാൽ രണ്ടുതവണയും ഉദ്യോഗസ്ഥർ തോൽപ്പിച്ചുകളഞ്ഞെന്ന് ശാന്ത കണ്ണീരോടെ പറയുന്നു. വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് പട്ടയമേളയുണ്ട്. ഇത്തവണയും പട്ടയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശാന്തയും മകൾ സവിതയും സഹായത്തിനെത്തിയ സി.പി.ഐ. പ്രവർത്തകരും ബുധനാഴ്ച കാസർകോട് തഹസിൽദാരെ ഉപരോധിച്ചു.
കുടുംബത്തിന് ചെങ്കള വില്ലേജിലെ കെ.കെ. പുറത്ത് 21.75 സെന്റ് ഭൂമിക്ക് പട്ടയം നൽകാൻ ഫെബ്രുവരി 13-ന് ചേർന്ന കാസർകോട് താലൂക്ക് എൽ.എ. കമ്മിറ്റി യോഗം തീരുമാനിച്ചതാണ്. ഇതിന്റെ പുരോഗതിയറിയാനാണ് ശാന്തയും സവിതയും സി.പി.ഐ. പ്രവർത്തകരും കാസർകോട് താലൂക്ക് ഓഫീസിലെത്തിയത്. അന്വേഷിച്ചപ്പോൾ ഫയൽ നീങ്ങിയിട്ടില്ലെന്നും ഇത്തവണ പട്ടയം ലഭിക്കില്ലെന്നും ഉറപ്പായി. ഇതോടെയാണിവർ തഹസിൽദാരെ ഉപരോധിച്ചത്. സമരം നടത്തിയ ശാന്തയെയും സവിതയെയും സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി വി. രാജൻ പെരുന്പള, കാസർകോട് മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ, മുളിയാർ ലോക്കൽ സെക്രട്ടറി സി.കെ.എം. മുനീർ, ഉമ്മർ റഫീഖ് എന്നിവരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് നീക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.
ഗോപിയും ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്ന ചെങ്കള വില്ലേജിലെ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് പട്ടയം തേടിയാണ് ഇവർ ആദ്യം അപേക്ഷ നല്കിയത്. എന്നാൽ അന്നത്തെ വില്ലേജ് ഓഫീസർ ഈ സ്ഥലം അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ പട്ടയമുണ്ടാക്കി സ്വന്തമാക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. ഇതറിയാതെ ഇവിടെ കഴിഞ്ഞിരുന്ന ഗോപിയെയും കുടുംബത്തെയും സ്ഥലം വാങ്ങിയവർ 1987-ൽ അവിടെനിന്ന് അടിച്ചിറക്കി.
പോകാൻ വേറെയിടമില്ലാത്ത കുടുംബം പെരുമഴയത്ത് കളക്ടറേറ്റിന് മുന്നിൽ സമരം നടത്തി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട അന്നത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ. ചന്ദ്രശേഖരൻ ഇടപെട്ടതിനെത്തുടർന്ന് കളക്ടർ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കി. പിന്നീട് കെ.കെ. പുറത്തെ 26 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്ക് ഇവരെ മാറ്റി. ഈ കൈവശഭൂമിക്ക് പട്ടയം തേടിയുള്ള പോരാട്ടം എങ്ങുമെത്താത്തിനെത്തുടർന്ന് 2023-ൽ ഗോപി ജീവനൊടുക്കി. പിന്നീട് ഭാര്യ പുതിയ അപേക്ഷ നൽകി. ആ വർഷത്തെ കാസർകോട് താലൂക്ക് എൽ.എ. കമ്മിറ്റി യോഗത്തിൽ ഈ 26 സെന്റിന് പട്ടയം നൽകുന്ന കാര്യം അജൻഡയിൽ വെച്ചില്ല. പിന്നീട് 2025-ലെ യോഗത്തിൽ ഇത് പരിഗണനയ്ക്ക് വന്നപ്പോൾ സമീപത്തെ പട്ടയഭൂമിയിൽനിന്നുള്ള ഭാഗം ഇതിൽ കയറിക്കിടക്കുന്നുണ്ടോയന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് മാറ്റി. എന്നാൽ അങ്ങനെയില്ലെന്നും 26 സെന്റിന് പകരം 21.75 സെന്റ് ഭൂമിയേ ഉള്ളുവെന്നുമായിരുന്നു പരിശോധനാ റിപ്പോർട്ട്. മാറ്റിവെച്ച അഞ്ച് സെന്റിലായിരുന്നു ഗോപിയെ സംസ്‌കരിച്ചിരുന്നത്. ഇത് ഒഴിവാക്കാനാകില്ലെന്ന് കുടുംബം നിലപാടെടുത്തു. എന്നാൽ ഫയൽ അടുത്ത എൽ.എ. കമ്മിറ്റി യോഗത്തിലുമെത്തിയില്ല. ഇത്തവണത്തെ എൽ.എ. കമ്മിറ്റി യോഗത്തിൽ ഈ 21.75 സെന്റ് പി.പി. ഭൂമിക്ക് പട്ടയം നൽകാൻ തീരുമാനമെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് വി. രാജൻ പെരുന്പള പറഞ്ഞു.
ഈ ഭൂമി തദ്ദേശസ്വയംഭരണ വകുപ്പിന്റെതാണെന്നാണ് തഹസിൽദാരുടെ റിപ്പോർട്ട്. പട്ടയം നൽകണമെങ്കിൽ കളക്ടർ ഭൂമി ഡൈവെസ്റ്റ് ചെയ്ത് (സർക്കാരിന്റെ കൈവശമുള്ളതോ റവന്യൂവകുപ്പിന്റെ കീഴിലുള്ളതോ ആയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടുനൽകുക) ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല.
Content Highlights: A family in Kasaragod has been fighting for a land title (pattayam) for 35 years., The father, Gopi, committed suicide in 2023 over the prolonged bureaucratic delays., His wife Shantha and children continued the struggle, leading to their recent protest and arrest., Official inaction persists despite promises from the Revenue Minister and a committee's approval., The land is caught in a dispute over its classification by the revenue and local self-government departments.