കരുവന്നൂർ കള്ളപ്പണ ഇടപാട്: കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇഡി നോട്ടീസ്

കെ. രാധാകൃഷ്ണന്‍ | Photo: Mathrubhumi
കെ. രാധാകൃഷ്ണന്‍ | Photo: Mathrubhumi

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).  ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺ​ഗ്രസ് നടക്കുന്നതും ചൂണ്ടികാട്ടിയതിനെ തുടർന്ന് ഇഡി സാവകാശം അനുവദിക്കുകയായിരുന്നു. 

കേസിൽ ഇഡിക്ക് ഉടൻ കുറ്റപത്രം സമർപ്പിക്കേണ്ടതായിട്ടുണ്ട്. ഏപ്രിൽ 15 നുള്ളിൽ കേസിൽ രണ്ടാംഘട്ട കുറ്റപത്രം നൽകാനാണ് നീക്കം. സിപിഎമ്മിന് കേസിൽ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നത്.

കരുവന്നൂർ ബാങ്കുമായുള്ള സി.പി.എം. ബന്ധം, സി.പി.എം.പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇഡി ഉദേശിക്കുന്നത്.  കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇ.ഡി. മുൻപ് ചോദ്യം ചെയ്തിരുന്നു. 

Content Highlights: ED Re-summons Radhakrishnan MP in Karuvannur Case