വീട്ടുപറമ്പിൽ കണ്ട മനുഷ്യാസ്ഥി കന്യാകുമാരി സ്വദേശിയുടേത്; കണ്ണൂരിൽ ജോലിക്കെത്തിയത് ഒരുമാസംമുൻപ്

കരുവഞ്ചാൽ: വായാട്ടുപറമ്പിലെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ട മനുഷ്യാസ്ഥി കന്യാകുമാരി ചതയമംഗലം സ്വദേശി സോമന്റെ(61)താണെന്ന് തിരിച്ചറിഞ്ഞു. മകൾ അനസൂയയും ബന്ധുക്കളും ആലക്കോട് പോലീസ് സ്റ്റേഷനിലെത്തിയാണ് സോമനുപയോഗിച്ചിരുന്ന ചെരിപ്പ്, ഷർട്ട്, മൊബൈൽ ഫോൺ എന്നിവ തിരിച്ചറിഞ്ഞത്.
ഒരുമാസം മുമ്പാണ് സോമൻ കരുവഞ്ചാലിലെത്തിയത്. ജൂൺ 31-ന് ഉച്ചമുതൽ കാണാതായി. സ്റ്റീൽ ഫർണിച്ചർ കടയിൽ ഒരുദിവസം ജോലിചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
കടയിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ടൗണിലേക്ക് പോയതാണ്. അസ്ഥികൾ കണ്ടെത്തിയ സ്ഥലത്തേക്ക് കരുവഞ്ചാലിൽനിന്ന് ഒരുകിലോമീറ്ററിലധികം ദൂരമുണ്ട്. ഇവിടേക്ക് വഴിതെറ്റി എത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
രാവിലെ വഴിതെറ്റിയതിനെത്തുടർന്ന് കടയിൽനിന്ന് വിളിച്ച് വഴിപറഞ്ഞുകൊടുത്താണ് ജോലിക്കെത്തിയത്. ഒരാഴ്ച കഴിഞ്ഞെത്തുമെന്ന് മകളോട് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ഇല്ലാത്തതിനാൽ ബന്ധുക്കൾ കന്യാകുമാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഫൊറൻസിക് പരിശോധനാഫലം കിട്ടിയാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്നും നിലവിലുള്ള സാഹചര്യത്തിൽ ദുരൂഹതകളില്ലെന്നുമാണ് പോലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ പറഞ്ഞു. ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Content Highlights: karuvachal human remains identified