കാരശ്ശേരി സഹകരണബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തു; സിപിഎമ്മിന് വിറ്റെന്ന് യുഡിഎഫും ജീവനക്കാരും

#ന്യൂസ് ഡെസ്‌ക്
കാരശ്ശേരി സഹകരണബാങ്ക് സിപിഎമ്മിന് വിറ്റെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരും നടത്തിയ ബാങ്ക്‌ ഉപരോധം കോൺഗ്രസ്‌ നേതാവ്‌ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു
കാരശ്ശേരി സഹകരണബാങ്ക് സിപിഎമ്മിന് വിറ്റെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരും നടത്തിയ ബാങ്ക്‌ ഉപരോധം കോൺഗ്രസ്‌ നേതാവ്‌ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു

മുക്കം(കോഴിക്കോട്): രണ്ടരപ്പതിറ്റാണ്ടിലേറെയായി യുഡിഎഫ് ഭരിച്ചിരുന്ന കാരശ്ശേരി സഹകരണബാങ്കിനെ ചെയര്‍മാന്‍ സിപിഎമ്മിന് വിറ്റെന്ന ഗുരുതര ആരോപണവുമായി ബാങ്ക് ജീവനക്കാരും യുഡിഎഫ് നേതാക്കളും രംഗത്ത്. 13 അംഗ ഭരണസമിതിയിലെ ഒന്‍പതുപേരും അറിയാതെ, ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്‌മാന്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി വിറ്റെന്നാണ് ആരോപണം. അതിനിടെ, തിങ്കളാഴ്ച വൈകീട്ടോടെ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്റര്‍ ഏറ്റെടുത്തു. ഭരണസമിതി പിരിച്ചുവിട്ടു.

സഹകരണവകുപ്പ് മാവൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എന്‍.എം. സനിതയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇനി ഭരണംനടത്തുക. എം.എന്‍. സനിത തിങ്കളാഴ്ച വൈകീട്ട് ബാങ്കിലെത്തി ഭരണമേറ്റെടുക്കുകയും ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ മകള്‍ ഉള്‍പ്പെടെ ജോലിചെയ്യുന്ന ബാങ്കാണിത്. ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ചചെയ്യാതെ ബാങ്ക് ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരേ അവിശ്വാസംകൊണ്ടുവരാന്‍ ഒന്‍പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നോട്ടീസുനല്‍കിയിരുന്നതായി യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഇതിനിടെ, ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിലെ ഏഴ് ജീവനക്കാരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച്, അവധിദിവസമായ ഞായറാഴ്ച പുലര്‍ച്ചെ 829 പുതിയ എ ക്ലാസ് അംഗത്വം നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

ഒരുദിവസംകൊണ്ട് ബാങ്കിലെത്തിയത് 21 ലക്ഷത്തോളം രൂപ

മുക്കം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍ ചെയര്‍മാനായ കാരശ്ശേരി സഹകരണബാങ്കിലെ നിലവിലെ ഭരണസമിതിക്ക് 2027 വരെ കാലാവധിയുണ്ടായിരുന്നു. ഈ സമിതി പിരിച്ചുവിട്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം പ്രഖ്യാപിച്ചത്. സഹകരണ നിയമപ്രകാരം നോട്ടീസ് നല്‍കിയശേഷമായിരുന്നു നടപടി.

ശനിയാഴ്ച വൈകീട്ടുവരെ 770 എ ക്ലാസ് അംഗങ്ങളാണുണ്ടായിരുന്നത്. 829 പുതിയ അംഗങ്ങളെക്കൂടി ചേര്‍ത്തതോടെ ആകെ അംഗങ്ങളുടെ എണ്ണം 1599 ആയി. പുതുതായി അംഗത്വംനല്‍കിയവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണെന്നും തിരഞ്ഞെടുപ്പുനടത്തിയാല്‍ ഭരണം സിപിഎമ്മിന്റെ കൈയിലെത്തുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. 2500 രൂപയാണ് ഒരു എ ക്ലാസ് അംഗത്വഫീസ്. ഇരുപത്തിയൊന്നുലക്ഷത്തോളം രൂപയാണ് അംഗത്വംനല്‍കിയതോടെ ഒറ്റദിവസംകൊണ്ട് ബാങ്കിലെത്തിയത്.

കോഴിക്കോട് നഗരത്തില്‍ ബാങ്ക് നിര്‍മിച്ച സഹകരണമ്യൂസിയം വാടകയ്ക്കുനല്‍കാനും പിന്നീട് വില്‍ക്കാനും ഉള്‍പ്പെടെ ചെയര്‍മാന്‍ തീരുമാനിച്ചതില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം.

ആരോപണങ്ങളെക്കുറിച്ച് എന്‍.കെ. അബ്ദുറഹ്‌മാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ആരോപണം അടിസ്ഥാനരഹിതമാണെന്നും നിക്ഷേപകരും ഇടപാടുകാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചു. ബാങ്കിനുമുന്നില്‍ നടന്ന സമരം രാഷ്ട്രീയപ്രേരിതമാണന്നും അദ്ദേഹം പറഞ്ഞു.

Content Highlights: UDF leaders and bank employees accuse Karassery Bank chairman of selling control to CPM. Administrator takes over after dissolving the board.