ജയിലിൽ തടവുകാരന്റെ പരാക്രമം; വാതിൽ ചില്ലുകൾ തലകൊണ്ട് ഇടിച്ചുതകർത്തു, വയർലെസ് സെറ്റ് വലിച്ചെറിഞ്ഞു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ഫോട്ടോ: canva
പ്രതീകാത്മകചിത്രം | ഫോട്ടോ: canva

കണ്ണൂർ: സെൻട്രൽ ജയിലിനകത്ത് പുകവലിച്ചത് ചോദ്യംചെയ്ത വൈരാഗ്യത്തിന് തടവുകാരൻ ഓഫീസിലെ വാതിലിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും വയർലെസ് സെറ്റ് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. അക്രമത്തിനിടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ടാം ബ്ലോക്കിലെ തടവുകാരനായ തമിഴ്നാട് ഉദയമംഗലം നീലഗിരീസ് സ്വദേശി ഷാേലൂർ രാഗു (34) വാണ് പരാക്രമം നടത്തിയത്. ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.45-നാണ് സംഭവം. ജയിലിൽ നിരോധിത ഉത്പന്നമായ ബീഡി സംഘടിപ്പിക്കുകയും രഹസ്യമായി പുകവലിക്കുകയും ചെയ്തത് ജയിൽ ജീവനക്കാർ പിടികൂടി. ഇതിൽ ക്ഷുഭിതനായ രാഗു ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ടവർ ഓഫീസിലെ വാതിൽ ചില്ലുകൾ തലകൊണ്ട് ഇടിച്ചുതകർത്തു. ഉദ്യോഗസ്ഥരുടെ വയർലെസ് സെറ്റും കസേരയും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. തകർന്ന് വീണ ചില്ലുകഷ്ണങ്ങൾ വായിലിട്ട് ചവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജയിൽ ജീവനക്കാർ ബലമായി പിടിച്ച് ജില്ലാ ആസ്പത്രിയിലെത്തിച്ചു. 13,590 രൂപയുടെ നഷ്ടമുണ്ടാക്കിയതായി ജയിൽ സുപ്രണ്ട് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Content Highlights: Inmate Shaloor Ragu caused property damage worth 13,590 INR at Kannur Central Jail., The incident was triggered after staff confiscated prohibited tobacco products., The prisoner attacked jail property including wireless sets and office doors., Legal action has been initiated by the Jail Superintendent at the Town Police Station.