വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടാൻ 10 കൊല്ലമായി കളക്ടറേറ്റിൽ സമരം, നീതിതേടി കുടുംബം

#എഴുത്ത്‌: നീനു മോഹൻ, ചിത്രം: ഷമീർ മച്ചിങ്ങൽ
വയനാട് കളക്ടറേറ്റിന് മുന്നി സമരം നടത്തുന്ന ജെയിംസ്‌
വയനാട് കളക്ടറേറ്റിന് മുന്നി സമരം നടത്തുന്ന ജെയിംസ്‌

കല്പറ്റ: മഞ്ഞും മഴയും അയാളെ സ്പർശിക്കുന്നില്ല, വേനലും വെയിലിന്റെ കാഠിന്യവും അയാളറിയുന്നില്ല. മഹാമാരിയും പ്രളയവും നിപയും കോവിഡും അയാളിലെ സമരജ്ജ്വാലയെ തൊടാതെ കടന്നുപോയി. നീതികേടിന്റെ അരനൂറ്റാണ്ടിന്റെ അനുഭവങ്ങളുമായി കഴിഞ്ഞ പത്തുവർഷമായി തെരുവിലിരിക്കുകയാണീ കുടുംബനാഥൻ... കാഞ്ഞിരത്തിനാൽ ജെയിംസ്, ജനാധിപത്യത്തിന്റെ സർവസംവിധാനങ്ങളും പരാജയപ്പെട്ട നീതികേടിന്‍റെ നേരനുഭവം. രണ്ടാം പിണറായി സർക്കാർകൂടി കാലാവധിപൂർത്തിയാക്കാനൊരുങ്ങുമ്പോൾ നിശ്ശബ്ദമായി, നിസ്സംഗതയോടെ അയാൾ ചോദിക്കാതെ ചോദിക്കുന്നുണ്ട്; ഇനിയെത്ര കാലം, ഇനിയാര് നീതിനൽകും.

മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മൻചാണ്ടിയും പിണറായി വിജയനും ഉറപ്പുനൽകിയിട്ടും തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽനിന്ന് പുറന്തള്ളപ്പെട്ടവരാണ് കാഞ്ഞിരത്തിനാൽ കുടുംബം. കാഞ്ഞിരപ്പള്ളിയിൽനിന്ന് 1967-ലാണ് കാഞ്ഞിരത്തിനാൽ ജോർജും സഹോദരൻ ജോസും വയനാട്ടിലെത്തുന്നത്. തുടർന്ന്, കുട്ടനാട് കാർഡമം കമ്പനിയിൽനിന്ന് 12 ഏക്കർ ഭൂമിവാങ്ങി. കുടുംബം ഇവിടെ വീടുവെക്കുകയും 1983 വരെ കൃഷിചെയ്യുകയും ഭൂമിക്ക് നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, 1976-ലാണ് വനംവകുപ്പ് അവകാശമുന്നയിച്ച് ഭൂമിയിൽ പ്രവേശിക്കുന്നത്. ഭൂമിയിൽനിന്ന് പുറന്തള്ളപ്പെട്ട കുടുംബം അന്നുമുതൽ നീതിക്കായി അലയുകയാണ്. ജോർജിന്റെ മരണത്തോടെയാണ് മകൾ ട്രീസയും ഭർത്താവ് കെ.കെ. ജെയിംസും മക്കളും സമരമേറ്റെടുക്കുന്നത്. 2015 ഓഗസ്റ്റ് 15-നാണ് വയനാട് കളക്ടറേറ്റിനുമുന്നിൽ കുടുംബം സമരംതുടങ്ങുന്നത്. സമരമിപ്പോൾ 3838 ദിവസം പിന്നിട്ടു. 1985 ഫെബ്രുവരി 18-ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയും ഭൂമി നിക്ഷിപ്തമാക്കി 2013-ൽ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്യണമെന്നാണ് കാഞ്ഞിരത്തിനാൽ ജെയിംസിന്റെ ആവശ്യം. കോടതിയെപ്പോലും കബളിപ്പിച്ചും കുടുംബാംഗങ്ങളുടെപേരിൽ വ്യാജ ഒപ്പിട്ടുമാണ് ഈ വിധികൾ നേടിയെടുത്തതെന്ന് ജെയിംസ് ആരോപിക്കുന്നു.

ജെയിംസ് കളക്ടറേറ്റിനുമുൻപിൽ നിരാഹാരസമരം തുടങ്ങിയതിനുശേഷം പത്ത്‌ കളക്ടർമാർമാത്രം കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ടുനൽകിയിട്ടുണ്ട്. ഭൂമി പിടിച്ചെടുത്ത വനംവകുപ്പിന്റെ നടപടി നിയമപരമല്ലെന്നും സാധൂകരിക്കാൻ രേഖകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇപ്പോൾ കളക്ടറായിരിക്കുന്ന ഡി.ആർ. മേഘശ്രീയും കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ടുനൽകി. എന്നിട്ടും എന്തിനാണ് ഈ മനുഷ്യൻ കഴിഞ്ഞ ഒരുപതിറ്റാണ്ടായി പാതയോരത്ത് ഇരിക്കുന്നത്? അനുകൂലറിപ്പോർട്ടുകൾക്കും സർക്കാരുകളുടെ വാഗ്‌ദാനങ്ങൾക്കുംമുകളിൽ ഫയലുകളെ മരവിപ്പിക്കുന്ന സമ്മർദശക്തിയെന്താണ്? അർഹതപ്പെട്ട ഭൂമിയിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അവകാശം സ്ഥാപിച്ചുനൽകാൻ സർക്കാർ ഇനിയും മടിക്കുന്നത് എന്തിനാണ്...

(തുടരും)