'പോകട്ടെ, കാണട്ടെ'; ബിജെപിയുടെ അരമനസന്ദര്‍ശനങ്ങള്‍ക്ക് വേറെ വ്യാഖ്യാനം വേണ്ടെന്ന് കാനം

കാനം രാജേന്ദ്രന്‍ | Photo: Screen grab/ Mathrubhumi News
കാനം രാജേന്ദ്രന്‍ | Photo: Screen grab/ Mathrubhumi News

തിരുവനന്തപുരം: ബി.ജെ.പി. നേതാക്കള്‍ സഭാധ്യക്ഷന്മാരെ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അരമനകള്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമല്ലല്ലോയെന്നും കാനം പറഞ്ഞു. ആര്‍ക്കും പോകാവുന്ന സ്ഥലങ്ങളാണത്. നേതാക്കള്‍ പോകട്ടെ, കാണട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'എന്റെ വീട്ടിലേക്ക് ഒരാള്‍ കയറിവന്നാല്‍ ഇറങ്ങിപ്പോ എന്ന് ആരെങ്കിലും പറയുമോ. അതിനൊന്നും വേറെ വ്യാഖാനം കൊടുക്കേണ്ടകാര്യമില്ല. വിശ്വാസവും രാഷ്ട്രീയവുമൊന്നും ലളിതമായ പ്രശ്‌നങ്ങളല്ല. ഒരു രാത്രി ഉണര്‍ന്നുവെളുത്തതുകൊണ്ട് അത് മാറണമെന്നില്ല', കാനം വ്യക്തമാക്കി.

മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബി.ജെ.പി. അനുകൂല പ്രസ്താവനയിലും അദ്ദേഹം തന്റെ നിലപാട് അറിയിച്ചു. മതമേലധ്യക്ഷന്മാര്‍ പറയുന്ന നിലപാടിന് അപ്പുറം എല്ലാവര്‍ക്കും സ്വതന്ത്രമായ നിലപാടുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. ആലഞ്ചേരി പിതാവ് അദ്ദേഹത്തിന്റെ വീക്ഷണമാണ് പറഞ്ഞതെന്നും കാനം അഭിപ്രായപ്പെട്ടു.

Content Highlights: kanam rajendran on bjp visit to Cristian bishop houses