വൈദ്യുതിയില്ല, ശൗചാലയമില്ല, കുടിവെള്ളം തോട്ടിൽ നിന്ന്; കാളിയമ്മാളുടെ കുടുംബത്തിന്റെ ഉള്ളുകാളുന്നു

#സന്തോഷ് വാസുദേവ്
വീട്ടിലെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ മകന്‍ കാര്‍ത്തിക്കിന് ചോറുവിളമ്പിക്കൊടുക്കുന്ന കാളിയമ്മാള്‍ | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
വീട്ടിലെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ മകന്‍ കാര്‍ത്തിക്കിന് ചോറുവിളമ്പിക്കൊടുക്കുന്ന കാളിയമ്മാള്‍ | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

പാലക്കാട്: സൂര്യവെളിച്ചം മങ്ങിത്തുടങ്ങിയാൽ കാളിയമ്മാളുടെ വീട്ടിലെ കുടുസ്സുമുറികളിൽ ആശ്രയം മണ്ണെണ്ണവിളക്കാണ്. ആറുപേരുള്ള വീട്ടിൽ തമിഴ്‌നാട്ടിലെ കരിഞ്ചന്തയിൽനിന്ന് ലിറ്ററിന് 50 രൂപ നിരക്കിൽ വാങ്ങുന്ന മണ്ണെണ്ണ മാസം അഞ്ചുലിറ്ററെങ്കിലും വേണം. വെളിച്ചത്തിനുള്ള മറ്റൊരുമാർഗം സെർച്ച് ലൈറ്റ് പോലുള്ള, റീച്ചാർജ് ചെയ്യാവുന്നൊരു വിളക്കാണ്. രാത്രി ആനകളെ ഓടിക്കാൻകൂടിയുള്ളതാണത്. പുതുശ്ശേരി പഞ്ചായത്തിലെ ഏഴാംവാർഡിൽ ചാവടിപ്പാറ പറളിപ്പതി കാളിയമ്മാളും കുടുംബവും നയിക്കുന്നത് ദുരിതജീവിതമാണ്.

വൈദ്യുതിയില്ല, ശൗചാലയമില്ല, കുടിക്കാൻ ശുദ്ധമായ വെള്ളമില്ല. വീടും വീട്ടുകാരുടെ രേഖകളുമെല്ലാം കേരളത്തിലാണെങ്കിലും വഴിയും ഉപജീവന മാർഗവുമെല്ലാം തമിഴ്‌നാട്ടിലാണ്. ലൈറ്റും മൊബൈൽഫോണുമെല്ലാം ചാർജ് ചെയ്യുന്നത് മക്കൾ കൂലിവേലയ്ക്കു പോകുന്ന കൗണ്ടർമാരുടെ വീടുകളിലാണ്. ഇരുളർ എന്ന ആദിവാസിവിഭാഗമാണ് ഇവർ. പഞ്ചായത്ത് അധികൃതർ നിർമിച്ചുനൽകിയ രണ്ടുമുറി വീടുണ്ടെന്നുള്ളതാണ് ആശ്വാസം.

കാളിയമ്മാൾ(50), ഭർത്താവ് പഴനിസാമി(60), മക്കളായ കാർത്തിക് (24), മുത്തുസാമി (21), ബാലമുരുകൻ (15), ഹരിണി (11) എന്നിവരാണ് കുടുംബാംഗങ്ങൾ. മൂത്തമകൾ കല്പനയെ തമിഴ്‌നാട് ഭാഗത്തേക്ക് വിവാഹം ചെയ്തുകൊടുത്തു. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ ഹരിണി ചേച്ചിയുടെ വീട്ടിൽനിന്നാണ് സ്കൂളിൽ പോകുന്നത്.

വാളയാർവഴിയുള്ള പാതയിലൂടെവേണം വീട്ടിലെത്താൻ. പറമ്പിനപ്പുറത്തെ ചെറിയ തോടാണ് തമിഴ്‌നാടുമായുള്ള അതിർത്തി. പാലമില്ലാത്തതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞാൽ പുറത്തുപോകാനാവില്ല.

റേഷൻ വിഹിതമാണ് ഏക ആശ്രയം. ചുറ്റുമുള്ള സ്ഥലത്ത് പണ്ട് കടലയും തക്കാളിയും കപ്പയുമൊക്കെ കൃഷിചെയ്തിരുന്നു. വന്യമൃഗശല്യം തുടങ്ങിയതോടെ ഏഴേക്കർ സ്ഥലം തരിശായി. വനംവകുപ്പ് സ്ഥാപിച്ച വേലി കാട്ടാനകൾ തകർത്തു. പാട്ടത്തിനെടുത്ത് വളർത്തുന്ന എട്ട് ആടുകൾക്കൊപ്പം വളരുന്ന മൂന്ന് നായ്ക്കളാണ് രാത്രി ആനക്കൂട്ടത്തിന്റെ സാന്നിധ്യം അറിയിക്കുന്നത്.

തോട്ടിലെ വെള്ളമാണ് കുളിക്കാനും കുടിക്കാനും നനയ്ക്കാനുമെല്ലാം. മാലിന്യവും ഒഴുകുന്ന തോടാണിത്. ഓലകൊണ്ടു മറച്ചതാണ് കുളിമുറി. ശൗചാലയത്തിന് മുറിയുണ്ടെങ്കിലും ക്ളോസറ്റില്ല. വയറിങ് കഴിഞ്ഞിട്ടും വൈദ്യുതിയില്ല. സൗരോർജ പാനലുകൾ വെച്ചുനൽകിയാൽ പ്രശ്‌നം കുറച്ചൊക്കെ പരിഹരിക്കാമെങ്കിലും ആരും സഹായിച്ചിട്ടില്ല. ‘‘നമുക്ക് എല്ലാമേ കേരളം താൻ. തമിഴ്‌നാട്ടിൽനിന്ന് ഒരു കിലോ അരിപോലും കിട്ടില്ല’’ -കാളിയമ്മാൾ പറഞ്ഞു.

വൈദ്യുതിക്കുശ്രമം

വൈദ്യുതിലൈൻ വലിക്കേണ്ടത് തമിഴ്‌നാട്ടിൽനിന്നാണ്. അവിടെയുള്ള സ്ഥലമുടമകൾ സമ്മതിക്കുന്നില്ല. ട്രൈബൽ ഓഫീസറുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരും.

- കെ. പവിത്ര, എസ്.ടി. പ്രൊമോട്ടർ

Content Highlights: Family of six in Pudussery living without electricity or clean water., Dependency on Kerosene and charging devices at neighbors' houses., Wildlife menace destroying seven acres of agricultural land., Lack of basic infrastructure like bridges and functional toilets., Administrative neglect despite residing within Kerala borders.