മത്സ്യഫാക്ടറിയില്‍ തീപ്പിടിത്തം; അണച്ചത് കക്കാടംപൊയിലില്‍ ടൂറിസ്റ്റായി എത്തിയ ഫയര്‍മാന്‍

തിരുവമ്പാടി: ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയതായിരുന്നു നരിക്കുനി ഫയര്‍സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പെരുവയല്‍ ചെറുകുളത്തൂര്‍ സ്വദേശി നിതിന്‍ വട്ട്യാലത്ത് (37). കോടമൂടിയ അന്തരീക്ഷത്തില്‍ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് തെല്ലകലെ കെട്ടിടത്തിനുമുകളില്‍ തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഡ്യൂട്ടിയില്‍ ഇല്ലല്ലോയെന്നൊന്നും നോക്കിയില്ല, പൊടുന്നനെ സംഭവസ്ഥലത്തേക്കോടിയെത്തി ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ഫയര്‍സേഫ്റ്റി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് അതിവിദഗ്ധമായി തീയണച്ചു. ഒപ്പം, ഫാക്ടറിയിലെ ജീവനക്കാരുടെ സഹായവും തേടി. ഈ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍കാരണം ഒഴിവായത് കോടികളുടെ നഷ്ടം.
ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ വാളാംതോടില്‍ പ്രവര്‍ത്തിക്കുന്ന കൊളോജന്‍ മറൈന്‍ പ്രൊഡക്ട്സ് എന്ന ഫാക്ടറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. കൊണ്ടോട്ടി മംഗലത്ത് അഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. വെല്‍ഡിങ് പ്രവൃത്തിക്കിടയില്‍ തീപടര്‍ന്നാണ് ഫാക്ടറിയിലെ വാട്ടര്‍കൂളിങ് സംവിധാനത്തിന് തീപിടിച്ചത്. കൂളര്‍സംവിധാനം പൂര്‍ണമായും അഗ്‌നിക്കിരയായി. അവധിയായിരുന്നതിനാല്‍ ജീവനക്കാര്‍ കുറവായിരുന്നു.
കക്കാടംപൊയില്‍ ഭാഗത്ത് തീപ്പിടിത്തമുണ്ടായാല്‍ ഏറെ അകലെയുള്ള മുക്കം, നിലമ്പൂര്‍ ഫയര്‍സ്റ്റേഷനുകളില്‍നിന്നാണ് അഗ്‌നിരക്ഷാസേനയെത്താറുള്ളത്. മണിക്കൂറിലധികമെടുക്കും ഇവിടെയെത്താന്‍. അപ്പോഴേക്കും നല്ലശതമാനം ഭാഗവും കത്തിച്ചാമ്പലാകുകയാണ് പതിവ്. ശനിയാഴ്ച മുക്കത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തിയപ്പോഴേക്കും നിതിന്റെ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഫാക്ടറി മുഴുവന്‍ കത്തിനശിക്കുന്ന അവസ്ഥയാണ് ഒഴിവായതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. മുക്കം അഗ്‌നിരക്ഷാസേന നിതിനെ പ്രത്യേകമായി അഭിനന്ദിച്ചു. നിതിന്‍ നേരത്തേ മുക്കം ഫയര്‍ഫോഴ്സിലെ ഫയര്‍മാനായിരുന്നു.