കാഫിർ പ്രചാരണം; പിന്നിലാരെന്ന് പ്രതിപക്ഷം, ഫെയ്‌സ്ബുക്ക് പറയട്ടെയെന്ന് മന്ത്രി,ലതികയ്ക്ക് ന്യായീകരണം

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വാക്‌പോര്. കാഫിര്‍ പ്രചാരണത്തിലെ പോസ്റ്റ് നിര്‍മിച്ച ആളെ കണ്ടെത്തിയോ എന്ന് പ്രതിപക്ഷം ആരാഞ്ഞപ്പോള്‍ ഫെയ്‌സുബുക്കില്‍ നിന്ന് വിവരം കിട്ടിയാലെ പറയാനാകൂവെന്ന് മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കി. വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ആരോപണവിധേയയായ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ.ലതികയെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. സഭയില്‍ ഇല്ലാതിരുന്ന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കിയത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജേഷിന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഉപദേശവും കിട്ടി.
സഭയിലെ വാദ പ്രതിവാദങ്ങള്‍ ഇങ്ങനെ...
'കാഫിര്‍ പ്രചാരണത്തിനെതിരായ പരാതി അന്വേഷണ ഘട്ടത്തിലാണ്. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്. അത് ലഭിക്കുമ്പോള്‍ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും'
മാത്യു കുഴല്‍നാടന്‍- മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ആളുടെ പ്രൊഫൈലില്‍ നിന്നാണ് പതിനായിരകണക്കിന് ഷെയറുകള്‍ പോയത്. എന്നിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?
മന്ത്രിയുടെ മറുപടി-ഇത്തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രൈഫല്‍ വിവരങ്ങള്‍ കിട്ടിയാലെ നടപടിയെടുക്കാനാകൂ.
ഐസി ബാലകൃഷ്ണന്‍- വ്യാജ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ്. അതിന്റെ അഡ്മിന്‍മാരെ കണ്ടെത്തിയിട്ടുണ്ടോ?
എം.ബി.രാജേഷ്- അതിനുള്ള മറുപടിയാണ് പറഞ്ഞ് കഴിഞ്ഞത്.
ടി.ജെ.വിനോദ്- കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,ഇതിന് നടപടി സ്വീകരിക്കണം.
എം.ബി.രാജേഷ്- സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. വ്യാപകമായ ദുരുപയോഗം ഉണ്ടായിട്ടുണ്ട്. ഷൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ക്ക് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വകടരയില്‍ മാത്രമല്ല, കൊല്ലം, ചാവക്കാട്, മട്ടന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലടക്കം കേസുണ്ട്. രാജ്യസഭാ എംപി എ.എ.റഹീമിനെതിരെയും ആലപ്പുഴ മുന്‍ എംപി എ.എം.ആരിഫിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കും കേസുണ്ട്. അതിന്റെ വിവരങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
സി.ആര്‍.മഹേഷ് -മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയടക്കം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. വര്‍ഗീയ പ്രചാരണത്തില്‍ എന്തുകൊണ്ട് നടപടിയില്ല
എം.ബി.രാജേഷ്- കാഫിര്‍ പ്രചാരണത്തില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെയും ലീഗിന്റെയും പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എമാരുടെ ഊഴമായിരുന്നു. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന സൈബര്‍ കേസുകള്‍ ഭരണകക്ഷ എംഎല്‍എമാരുടെ ചോദ്യത്തിലുയര്‍ന്നു....
വി.ജോയ്- തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയ യുവജനസംഘടനയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടോ...?
എം.ബി.രാജേഷ്- സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഗൗരവമുള്ള കാര്യമാണ് ജോയ് ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയന്നെ പരാതിയില്‍ കേസില്‍ പ്രതികളായ ജെയ്‌സണ്‍ തോമസ്, രാജേഷ് അരവിന്ദ് എന്നിവരെ കണ്ടെത്തി. ഒരു ആപ്പിന്റെ സഹായത്തോടെയാണ് വ്യാജ ഐഡികാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
പ്രതിപക്ഷ ബഹളം...പിന്നാലെ രണ്ട് തവണ എം.ബി.രാജേഷിന്റെ അരികിലെത്തി മന്ത്രി റിയാസിന്റെ ഉപദേശം. വളരെ ശാന്തമായിട്ട് പറഞ്ഞാല്‍, നിങ്ങളെ എല്ലാവര്‍ക്കും കേള്‍ക്കാം. രണ്ടുതവണ റിയാസ് ഇത്തരത്തില്‍ രാജേഷിന്റെ സീറ്റിനടത്തെത്തി.
പ്രതിഭ- കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി അശ്ലീല പ്രചാരണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എന്ത് നടപടിയെടുത്തു?
എം.ബി.രാജേഷ്- (പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍..)ഞാന്‍ കോട്ടയം കുഞ്ഞച്ചനെന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കുറിച്ചാണ് പറയുന്നത്. കുഞ്ഞച്ചന്റെ വല്യച്ഛനെ കുറിച്ചൊന്നും പറയുന്നില്ല. കോട്ടയം കുഞ്ഞച്ചന്‍ എന്ന അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്കുനേരെ അശ്ലീല പോസ്റ്റിട്ടതില്‍ കേസെടുത്തിട്ടുണ്ട്. ഈ വ്യാജ അക്കൗണ്ടിന്റെ നിര്‍മാതാവായ തിരുവനന്തപുരം സ്വദേശി എബിനെ അറസ്റ്റ് ചെയ്തു.
ചോദ്യത്തോര വേള മന്ത്രിയും ഭരണകക്ഷ അംഗങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കാഫിര്‍ പ്രചാരണത്തില്‍ എന്തുകൊണ്ട് മുന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തില്ല. ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചിട്ടും നടപടിയെടുത്തില്ലെന്നും സതീശന്‍ ചോദിച്ചു.
എം.ബി.രാജേഷ്- ലതികയുടെ പോസ്റ്റ് ഇങ്ങനെയാണ്....'എന്തൊരു വര്‍ഗീയതയാണെടോ ഇത്, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നമ്മുടെ നാട് നിലനില്‍ക്കെണ്ടേ, ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്' ഇതാണ് ലതികയുടെ പോസ്റ്റ്. ഇത് വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റാണോ അതിനെതിരെയുള്ള പോസ്റ്റാണോ?. വടകരയില്‍ ഷൈലജ ടീച്ചര്‍ക്കെതിരെ ആരാണ് ഇത്തരത്തലൊരു പോസ്റ്റ് സൃഷ്ടിച്ചത്. അതിന്റെ വിവരങ്ങളാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് ആരായുന്നത്. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ആര് പ്രചരിപ്പിച്ചാലും കടുത്ത നടപടിയുണ്ടാകും.
രമ-വ്യാജ പോസ്റ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് ഇത് പ്രചരിപ്പിച്ചതെന്നത് വസ്തുതാ വിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത് എപ്പോഴാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ഇത് പുറത്ത് വിടാന്‍ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടായിരുന്നു..?
എം.ബി.രാജേഷ്- അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, ലതിക വര്‍ഗീയ പ്രചാരണത്തിനെതിരെയാണ് പോസ്റ്റിട്ടത്. പോസ്റ്റിനെ ദുരുപയോഗിച്ച് നാട്ടില്‍ പ്രശ്‌നം സൃഷ്ടിച്ചാല്‍ ആ പോസ്റ്റ് പിന്‍വലിക്കുക എന്നത് ലതികയുടെ പക്വമായ തീരുമാനമാണ്.അങ്ങനെ നമ്മളെല്ലാവരും പിന്‍വലിച്ചിട്ടുണ്ട്.
അന്വേഷത്തിലിരിക്കുന്ന സംഭവത്തില്‍ ലതിക കുറ്റം ചെയ്തിട്ടില്ലെന്ന് മന്ത്രി പറയുന്നത് നിയമവാഴ്ചയ്‌ക്കെതിരാണെന്ന് സണ്ണി ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്‌തോ ഇല്ലയോ എന്ന വിധിപ്രസ്താവം നടത്തിയിട്ടില്ല. ഫെയ്‌സ്ബുക്കില്‍ പറഞ്ഞ കാര്യമാണ് പറഞ്ഞതെന്നും രാജേഷ് ഇതിന് മറുപടി നല്‍കി.
Content Highlights: Kafir post-kerala assembly-mb rajesh