അപകീർത്തികരമായ പരാതിനൽകി വ്യക്തിഹത്യയ്ക്ക് ശ്രമം; വക്കീൽ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടിരൂപ നഷ്ടരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അഡ്വ. ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.
മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പോത്തന്‍കോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം. മുനീറാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. പരാതിക്കാരിയെക്കണ്ട് മൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
2022-ലാണ് കടകംപള്ളി സുരേന്ദ്രനെതിരേ സ്വപ്നാസുരേഷ് ആരോപണമുന്നയിച്ചത്. ലൈംഗികാക്രമണത്തിനുള്ള ശ്രമമുണ്ടായെന്നും മോശം സന്ദേശം അയച്ചെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സമാനമായ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. കടകംപള്ളി സുരേന്ദ്രന് എതിരായി പരാതി ലഭിച്ചകാര്യം അറിയില്ലെന്നും പരാതി ഉള്ളവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും പത്രസമ്മേളനത്തിനിടെ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
Content Highlights: Kadakampally Surendran Files Defamation Notice Against Advocate M. Muneer