യാക്കോബായ സഭക്ക് പുതിയ നാഥൻ; ജോസഫ് മാർ ഗ്രിഗോറിയോസ് കതോലിക്ക ബാവായാകും

#സ്വന്തം ലേഖിക
പുത്തൻകുരിശ് പാർത്രിയാർക്കാ സെന്ററിൽ എത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാർത്രിയാർകീസ് ബാവ  കുരുന്നിനെ അനുഗ്രഹിക്കുന്നു . മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് സമീപം.
പുത്തൻകുരിശ് പാർത്രിയാർക്കാ സെന്ററിൽ എത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാർത്രിയാർകീസ് ബാവ കുരുന്നിനെ അനുഗ്രഹിക്കുന്നു . മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് സമീപം.

കൊച്ചി: ജോസഫ് മാർ ​ഗ്രി​ഗോറിയോസ് യാക്കോബായ സഭയുടെ കതോലിക്ക ബാവയാകും. നിലവിൽ മലങ്കര മെത്രാപ്പൊലീത്തയാണ് ​ജോസഫ് മാർ ​ഗ്രി​ഗോറിയോസ്. മലേക്കുരിശ് ദയറായിൽ പാത്രിയാർക്കിസ് ബാവയുടെ പ്രസം​ഗത്തിനിടെയാണ് ജോസഫ് മാർ ​ഗ്രി​ഗോറിയോസ് സഭയുടെ അടുത്ത കതോലിക്ക ബാവയാകുമെന്ന്‌ അറിയിച്ചത്. നേരത്തെ സിനഡ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുത്തിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു പാത്രിയാർക്കീസ് ബാവയുടെ പ്രസം​ഗം. 

സഭക്ക് ഏറെ വെല്ലുവിളികളുള്ള കാലത്താണ് മാർ ​ഗ്രി​ഗോറിയോസിന്റെ സ്ഥാനാരോഹണമെന്നും പാത്രിയാർക്കിസ് ബാവ പറഞ്ഞു. പള്ളിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ ചർച്ചയായിരിക്കുന്ന സമയത്ത് സമാധാന സന്ദേശമുയർത്തിപ്പിടിച്ചാണ് ജോസഫ് മാർ ​ഗ്രി​ഗോറിയോസ്  സഭയുടെ നാഥനാകാനൊരുങ്ങുന്നത്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീടു നടക്കും.

കാലം ചെയ്ത തോമസ് പ്രഥമൻ ബാവയുടെ വിൽപ്പത്രത്തിൽ ജോസഫ് മാർ ​ഗ്രി​ഗോറിയോസിനെ സഭയുടെ നാഥനാക്കണമെന്ന ആ​ഗ്രഹം വ്യക്തമാക്കിയിരുന്നു. തോമസ് പ്രഥമൻ ബാവയുടെ പ്രായാധിക്യം മൂലം നേരത്തെ തന്നെ ജോസഫ് മാർ ​ഗ്രി​ഗോറിയോസിനെ സഭാ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിച്ച് ചർച്ചകൾ നടന്നിരുന്നു. 

മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ ഇളയ മകനായി മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റിയായത്. നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ട അദ്ദേഹം സഭയിലെ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമാണ്.

Content Highlights: Joseph Mor Gregorios currently the Metropolitan of Malankara, new Catholicos of the Jacobite Church