ജയസൂര്യക്ക് വീണ്ടും ഇ.ഡി. സമൻസ്, നടപടി സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപത്തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം. ജയസൂര്യയെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ.ഡി. വൃത്തങ്ങൾ കഴിഞ്ഞദിവസംതന്നെ അറിയിച്ചിരുന്നു.
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഇതുമായി ബന്ധപ്പെട്ട കരാറാണ് നടന് കേസിൽ കുരുക്കായത്. കരാറിന്റെ ഭാഗമായി ജയസൂര്യക്ക് ലഭിച്ച പണം, സ്ഥാപനം നടത്തിയ തട്ടിപ്പിൽനിന്നുള്ളതാണ് എന്നാണ് ഇഡിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ഇഡി വീണ്ടും വിളിപ്പിച്ചത്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് ശേഷം കണ്ടുകെട്ടൽ നടപടിയിലേക്ക് പോയേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്‌തേക്കും.
Content Highlights: ED Issues Fresh Summons to Jayasurya in Save Box Investment Fraud Case