അശ്ലീല ഉള്ളടക്കം ഫോണിൽ സൂക്ഷിച്ചാലും പെടും; അറിയാം ഐടി നിയമങ്ങൾ

#ലോ പോയിന്റ്/ഒ.കെ. മുരളീകൃഷ്ണൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

‘പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം കാമറയിൽ പകർത്തി സൂക്ഷിച്ച യുവാവിനെ അറസ്റ്റുചെയ്തു.’ വാർത്ത വായിക്കുമ്പോൾ തോന്നുന്ന ഒരു സംശയം ഇത് അയാൾ പ്രചരിപ്പിച്ചില്ല, പിന്നെ എങ്ങനെ കേസ് വന്നു. (പോക്സോയിൽപ്പെടുന്ന കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നൊരു കേസുകൂടി ഇയാൾക്കെതിരേയുണ്ട്) ഇവിടെ ചർച്ചചെയ്യുന്നത് ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തി (ഐ.ടി. ആക്ട്-2000)ൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്.

ഐ.ടി. നിയമത്തിലെ 67B വകുപ്പുപ്രകാരം പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക ദൃശ്യങ്ങൾ നിർമിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും തിരയുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുന്നതും അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഈ വകുപ്പാണ് നേരത്തേ പറഞ്ഞ കേസിലെ കുറ്റങ്ങളിൽ ഗൗരവമായത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യന്നതു മാത്രമല്ല, കാണുന്നതും വെബ്ബിൽ തിരയുന്നതുപോലും കുറ്റകരമാണ്. പി ഹണ്ട് എന്ന പേരിൽ സൈബർ പോലീസ് ഇക്കാര്യം നിരന്തരം നീരീക്ഷിക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. ഒരാളുടെ ഫോണിൽനിന്ന് സെർച്ച് ഹിസ്റ്ററി മായ്ച്ചുകളഞ്ഞാൽപ്പോലും ഇക്കാര്യം വിദഗ്ധർക്ക് കണ്ടെത്താനാകും എന്നും ഓർക്കുക. ലൈംഗികകാര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രലോഭിപ്പിക്കുന്നതും കുട്ടികളെ ലൈംഗികമായോ അല്ലാതെയോ അവഹേളിക്കുന്നതും ഐ.ടി. നിയമപ്രകാരം ശിക്ഷാർഹമാണ്.

ആരെങ്കിലും അയച്ചുതന്ന അശ്ലീല ഉള്ളടക്കം വെറുതെയൊന്നു ഫോർവേർഡ് ചെയ്യുന്നതിൽ എന്തു തെറ്റ് എന്നാകും അടുത്ത സംശയം. നിയമത്തിലെ 67-ാം വകുപ്പനുസരിച്ച് ഇതും കുറ്റകരമാണ്. അഞ്ചുവർഷം തടവും 10 ലക്ഷം രൂപയുമാണ് ഇതിനും ശിക്ഷ. ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം (കുട്ടികളുടേതായാലും മുതിർന്നവരുടേതായാലും) പ്രസിദ്ധപ്പെടുത്തുന്നതും കൈമാറുന്നതും തുല്യമായ ശിക്ഷയർഹിക്കുന്നതാണ്.

അശ്ലീല ഉള്ളടക്കമെന്നാൽ വീഡിയോ, ഫോട്ടോ എന്നിവ മാത്രമല്ല, ടെക്‌സ്റ്റ് മേസേജുകളും ടൈപ്പ് ചെയ്ത ഉള്ളടക്കവും പെടും. എഴുതി അയയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങൾപോലും നിയമത്തിന്റെ പരിധിയിൽപ്പെടും.

കുളിമുറി ദൃശ്യങ്ങൾ പകർത്തി എന്ന വാർത്തകളും ഇടയ്ക്കിടെ വരാറുണ്ട്. ഐടി നിയമം 66Fപ്രകാരം സ്വകാര്യതാലംഘനമായി ഇതിൽ കേസെടുക്കാം. ഒരു വ്യക്തിയുടെ സ്വകാര്യഭാഗങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതാണ് കുറ്റകരം. മൂന്നു വർഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Content Highlights: Searching, downloading, or storing child sexual abuse material is punishable under IT Act Section 67B., Offenses carry up to 5 years in prison and a 10 lakh rupee fine.