കുബൂസ് മുതൽ പച്ചടി വരെ; ഇരിട്ടിയിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു.
ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇരിട്ടി, കീഴൂർ, പയഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്.
18-ഓളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ അഞ്ചോളം ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ബീഫ്, പൊരിച്ചമീൻ, മീൻകറി, കുബൂസ് അതിനൊപ്പം വിളമ്പുന്ന സാലഡ്, പച്ചടി, വറവ്, ചള്ളാസ് തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് ആരോഗ്യവിഭാഗം പിടികൂടിയത്.
കീഴൂരിലെ ശ്രീനാരായണ, പദ്മിനി, വൈറ്റ് ലൈൻ, ഇരിട്ടി മേലെ സ്റ്റാൻഡിലെ റാറാവീസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. സ്‌കൈ പെന്റയിൽ ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിക്കാത്ത നിലയിലും കണ്ടെത്തി.
സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് പുറമേയാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു.
ഹോട്ടലുകളിൽനിന്ന് മോശം ഭക്ഷണങ്ങൾ വിളമ്പാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നവരെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായി ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർക്ക് പുറമേ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സന്ദീപ്, സ്വപ്നശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരു ദിവസങ്ങളിലും പരിശോധന ഉണ്ടാകും എന്ന് നഗരസഭാ അധികൃതർ പറഞ്ഞു.
Content Highlights: Iritty Municipality Health Department found and destroyed stale food items from local hotels amidst rising disease reports. Urgent action taken.