ഐ.എൻ.എസ് മാൽപെയും മുൽക്കിയും നീറ്റിലിറക്കി കൊച്ചിൻ ഷിപ്യാഡ്; കപ്പലുകൾ നിർമിച്ചത് നാവികസേനയ്ക്കായി

ഐ.എൻ.എസ് മാൽപെയും മുൽക്കിയും നീറ്റിലിറക്കിയപ്പോൾ|photo:mathrubhumi
ഐ.എൻ.എസ് മാൽപെയും മുൽക്കിയും നീറ്റിലിറക്കിയപ്പോൾ|photo:mathrubhumi

കൊച്ചി: നാവികസേനയ്ക്കു വേണ്ടി നിർമിച്ച രണ്ട്‌ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്) കൊച്ചി കപ്പൽശാല നീറ്റിലിറക്കി.ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ-ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ പത്നി വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് നിർവഹിച്ചു. ഐ.എൻ.എസ്. മാൽപെ, ഐ.എൻ.എസ്. മുൽക്കി എന്നിങ്ങനെയാണ് നാവികസേന കപ്പലുകൾക്ക് പേര് നൽകിയിരിക്കുന്നത്. ഈ ശ്രേണിയിൽപ്പെട്ട മൂന്ന് കപ്പലുകൾ കഴിഞ്ഞ വർഷം നീറ്റിലിറക്കിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സമുദ്രസുരക്ഷ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം വർധിക്കുകയാണെന്ന് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ കൊച്ചി കപ്പൽശാലയ്ക്ക് നിർണായക പങ്കുണ്ട്. അത്യാധുനിക രണ്ട്‌ യുദ്ധക്കപ്പലുകൾ ഇന്ത്യയിൽ ലഭ്യമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ കരുത്താണ് തെളിയിക്കുന്നത്. ആഗോളനിലവാരത്തിലുള്ള ആറ് നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളും കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്നുണ്ട്. 2027-ൽ നിർമാണം പൂർത്തിയാക്കി ഇവ നാവികസേനയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളാണ് കൊച്ചി കപ്പൽശാല നിർമിച്ചു നൽകുന്നതെന്ന് കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.

മധു എസ്. നായരുടെ പത്നിയും എൻ.പി.ഒ.എൽ. അസോസിയേറ്റ് ഡയറക്ടറുമായ കെ. രമിത, നാവിക സേനയിലെ അസിസ്റ്റന്റ് കൺട്രോളർ ഓഫ് വാർഷിപ്‌സ് പ്രൊഡക്ഷൻ ആൻഡ് അക്വിസിഷൻ സന്ദീപ് മെഹ്ത, കൊച്ചി കപ്പൽശാല ഡയറക്ടർ-ഓപ്പറേഷൻസ് കെ.എൻ. ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മൂന്നു കപ്പലുകൾ ഈ വർഷം കൈമാറും

കഴിഞ്ഞ വർഷം നീറ്റിലിറക്കിയ മൂന്ന് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ നിർമാണം പൂർത്തിയാക്കി കൊച്ചി കപ്പൽശാല ഈ വർഷം നാവികസേനയ്ക്ക് കൈമാറും. ഐ.എൻ.എസ്. മാഹി, ഐ.എൻ.എസ്. മാൽവൻ, ഐ.എൻ.എസ്. മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ 2023 നവംബർ 30-ന് ഒരേസമയം നീറ്റിലിറക്കിയിരുന്നു. ഇവയുടെ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രേണിയിൽപ്പെട്ടതാണ് കഴിഞ്ഞ ദിവസം നീറ്റിലിറക്കിയ ഐ.എൻ.എസ്. മാൽപെയും ഐ.എൻ.എസ്. മുൽക്കിയും.

അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പെടെ ഈ കപ്പലുകളിലുണ്ട്. 78 മീറ്റർ നീളവും 11.36 മീറ്റർ വീതിയുമാണ് കപ്പലുകൾക്കുള്ളത്. 25 നോട്ടിക്കൽ മൈൽ വേഗത്തിൽ ഇവയ്ക്ക് സഞ്ചരിക്കാനാകും. ശത്രു സാന്നിധ്യം തിരിച്ചറിയാൻ നൂതന റഡാർ സിഗ്‌നലിങ് സംവിധാനം ഇവയിലുണ്ട്. രണ്ടു കപ്പലുകൾ കൂടി നീറ്റിലിറക്കിയതോടെ ഈ ശ്രേണിയിൽപ്പെട്ട എട്ട് കപ്പലുകളിൽ അഞ്ചെണ്ണമാണ് പൂർത്തിയാകുന്നത്. എട്ടു കപ്പലുകൾ നിർമിക്കുന്നതിന് കൊച്ചി കപ്പൽശാലയും പ്രതിരോധ മന്ത്രാലയവും 2019 ഏപ്രിൽ 30-നാണ് കരാറൊപ്പിട്ടത്.

Content Highlights: INS Malpe and Mulki Inaugurated at Cochin Shipyard