ഇറാനിയൻ കപ്പലിൽ പൊട്ടിത്തെറി, പരിക്കേറ്റയാളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചി: ഇറാനിയൻ കപ്പലിൽ ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ തൊഴിലാളിയെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കൊച്ചിയിൽനിന്ന് ഏകദേശം 1500 കിലോമീറ്റർ പടിഞ്ഞാറായി അറബിക്കടലിലാണ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ-ഒവൈസിൽ അപകടമുണ്ടായത്. ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇറാനിയൻ സ്വദേശിയായ അള്ളാബക്ഷിന്റെ ഇരുകണ്ണുകൾക്കും ഗുരുതരമായ പരിക്കേറ്റു. ഒപ്പം വലതുചെവിയിൽ ആഴത്തിലുള്ള മുറിവുമുണ്ടായി. കപ്പലിൽ അടിയന്തര മെഡിക്കൽ സഹായം വേണമെന്ന് ഇറാനിലെ ചബഹാറിലെ എംആർസിസിയിൽനിന്ന് മുംബൈയിലെ മാരിടൈം റെസ്ക്യു കോഡിനേഷൻ സെന്ററിന് വിവരം ലഭിച്ചതോടെയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കപ്പലിന്റെ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ കപ്പലിലുണ്ടായിരുന്നു.
എംആർസിസി ഉടൻതന്നെ അന്താരാഷ്ട്ര സുരക്ഷാ വല (ഐഎസ്എൻ) സജീവമാക്കി സമീപത്തുള്ള കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിന്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഐസിജി ഷിപ്പ് സാചേതിനോട് അടിയന്തര സഹായം നൽകാൻ നിർദേശിച്ചു. വെല്ലുവിളി നിറഞ്ഞ കടൽസാഹചര്യങ്ങളിൽ ചൊവ്വാഴ്ച രാവിലെയാണ് നാവികനെ വിജയകരമായി കപ്പലിലേക്ക് കയറ്റിയത്. അതിനിടെ ഐസിജി മെഡിക്കൽ ഉദ്യോഗസ്ഥരുടെ മാർഗനിർദേശത്തിൽ ടെലി-മെഡിക്കൽ പ്രഥമശുശ്രൂഷയും നൽകിയിരുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളി നിലവിൽ ഐസിജി ഷിപ്പ് സാചേതിൽ ചികിത്സയിലാണ്. കൂടുതൽ ചികിത്സയ്ക്കായി തൊഴിലാളിയെ ഗോവയിലെത്തിക്കും.
Content Highlights: Indian Coast Guard successfully rescues an Iranian fisherman critically injured in an explosion onboard an Iranian fishing vessel in the Arabian Sea