ഇടുക്കിയിൽ 10 അടി വെള്ളം കുറവ്: മൂലമറ്റം നിലയത്തിൽ വൈദ്യുതോത്പാദനവും കുതിക്കുന്നു

#ന്യൂസ് ഡെസ്ക്
File Photo: Mathrubhumi
File Photo: Mathrubhumi

മൂലമറ്റം (ഇടുക്കി): പൊരിയുന്ന വേനലിനൊപ്പം മൂലമറ്റം നിലയത്തിൽ വൈദ്യുതോദ്പാദനം ഗണ്യമായി വർധിച്ചു. ഇതോടെ ആശങ്കയുയർത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പും കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 അടി വെള്ളം കുറവാണ് അണക്കെട്ടിൽ. അതേസമയം വൈദ്യുതോത്പാദനം എട്ടുമുതൽ 10 മില്യൺ യൂണിറ്റെന്ന ശരാശരി ഉത്പാദനത്തിൽ തുടരുന്നു.

വൈദ്യുതിനിലയത്തിലെ ആറ് ജനറേറ്ററുകളും പീക്ക് ടൈമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച 10.119 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ചൊവ്വാഴ്ച 8.55 ദശലക്ഷം യൂണിറ്റുമാണ് മൂലമറ്റം നിലയത്തിൽ ഉത്പാദിപ്പിച്ചത്.

നേരത്തേ പിക്ക് ടൈം എന്നു പറയുന്നത് ആറുമണി മുതൽ 11 മണിവരെയായിരുന്നു. എന്നാൽ, ഇടുക്കി ജലാശയം ഇപ്പോഴത് പുലർച്ചെവരെ നീളുകയാണ്. കൊടും ചൂടുകാരണം എയർകണ്ടീഷനുകളുടെയും ഫാനുകളുടെയുമെല്ലാം വർധിച്ച ഉപയോഗമാണ് ഇതിന് കാരണമെന്ന് വൈദ്യുതിബോർഡിന്റെ വിശദീകരണം.

ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് 2335.81 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവർഷം ഇതേദിവസം 2345.52 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 34 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം, 42 ശതമാനം വെള്ളം അവശേഷിച്ചിരുന്നു.

2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതിനിടെ വൈദ്യുതോപയോഗം കുറയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ബോർഡ് അറിയിപ്പ് പുറത്തിറക്കി. വേനൽ കടുത്തതു മൂലം രാത്രിയിൽ എയർകണ്ടീഷൻ ഉപയോഗം ക്രമാതീതമായി വർധിച്ചതായി അറിയിപ്പിൽ പറയുന്നു. ഇലക്ട്രിക് വാഹന ചാർജിങ്, ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, ഓവൻ എന്നിവയുടെ ഉപയോഗവും വർധിക്കുകയാണ്.

പകൽസമയം സോളാർ വൈദ്യുതിയിൽനിന്ന് ആവശ്യത്തിനുള്ള വൈദ്യുതിലഭ്യമാണ്. എന്നാൽ രാത്രി പുറത്തുനിന്നും വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതിയാണ്. അതിനാൽ രാത്രിയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതും ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് പാചകംചെയ്യുന്നതും പല ട്രാൻസ്‌ഫോർമറുകൾക്കും താങ്ങാനാവുന്നതിലപ്പുറം ലോഡ് കൂട്ടുന്നു. അതിനാൽ വൈദ്യുതി മുടങ്ങുന്നതിന് കാരണമായേക്കാം. വാഹനചാർജിങ്ങും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും പകൽ നടത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Content Highlights: Idukki dam water level is 10 feet lower compared to the same period last year., Current reservoir storage stands at 34% against 42% last year., Power generation at Moolamattom is consistently between 8-10 million units daily., Increased usage of ACs, EVs, and induction cookers is straining the grid., KSEB urges consumers to shift high-load activities like EV charging to daytime.