തോക്കിൻമുനയിൽ ഹ്യൂഗോ ഷാവേസ്; നയതന്ത്ര ദൗത്യം ഓർത്തെടുത്ത് മാർ കുര്യാക്കോസ് ഭരണികുളങ്ങര

കൊച്ചി: “2002 ഏപ്രിൽ 11-ന് അർധരാത്രി. വെനസ്വേല പ്രസിഡന്റിന്റെ പാലസിൽനിന്ന് അവിടത്തെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലേക്ക് ഫോണിൽ സന്ദേശമെത്തി. ഹ്യൂഗോ ഷാവേസിന് വത്തിക്കാൻ സ്ഥാനപതിയുമായി സംസാരിക്കണം. ഉടൻ നയതന്ത്ര കാര്യാലയം റോമുമായി ബന്ധപ്പെട്ടു. പട്ടാള ജനറൽമാരുമായി കൂടിക്കാഴ്ച നടത്തി ഷാവേസിന്റെ ജീവൻ രക്ഷിക്കണം”- വെനസ്വേലയിലെ വത്തിക്കാൻ കാര്യാലയത്തിന് റോമിന്റെ നിർദേശമതായിരുന്നു. ഈ വലിയ ദൗത്യത്തിന് റോം നിയോഗിച്ചത് ഒരു മലയാളി വൈദികനെയും. എറണാകുളം-അങ്കമാലി അതിരൂപതയിലെ മോൺസിഞ്ഞോർ കുര്യാക്കോസ് ഭരണികുളങ്ങരയായിരുന്നു അത്.
വെനസ്വേലയിലെ വത്തിക്കാൻ കാര്യാലയത്തിൽ ഡെപ്യൂട്ടി അംബാസഡറായിരുന്നു അന്ന് അദ്ദേഹം. വെനസ്വേലയിൽ അമേരിക്കൻ ഇടപെടലും പ്രസിഡന്റ് മഡൂറോയെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സാഹചര്യത്തിൽ രണ്ടര പതിറ്റാണ്ട് മുൻപുള്ള സംഭവങ്ങൾ ഫരീദാബാദ് ആർച്ച് ബിഷപ്പായ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഓർത്തെടുത്തു.
‘‘റോമിന്റെ നിർദേശത്തെ തുടർന്ന് ഞാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. ഒരു ചെറുമുറിയിൽ നാല് ജനറൽമാരുടെ തോക്കിൻ മുന്നിലായിരുന്നു ഷാവേസ്. വത്തിക്കാൻ സംഘത്തെ കണ്ടയുടൻ ഷാവേസ് പറഞ്ഞു. ‘എന്റെ ജീവൻ രക്ഷിക്കണം’. പിന്നെ അനുരഞ്ജന ചർച്ചയുടെ സമയമാരുന്നു. ഷാവേസിനെ വധിക്കുമെന്ന നിലപാടായിരുന്നു ജനറൽമാർക്ക്. ഒരു ജീവനെടുത്തതുകൊണ്ട് പ്രശ്നപരിഹാരമാകില്ലെന്നു മോൺസിഞ്ഞോർ നിലപാടെടുത്തു. അതോടെ ഷാവേസ് രാജ്യം വിട്ടുപോയാൽ കൊലപ്പെടുത്തില്ലെന്ന നിലപാടിലേക്ക് ജനറൽമാർ മാറി. ഈ നിർദേശം ഷാവേസും സമ്മതിച്ചു. ആ രാത്രി ഷാവേസിനെയും കൊണ്ട് കരീബിയൻ ദ്വീപായ ലാസ് റാക്വിസിലേക്കു പോയി. വിമാനത്താവളം വരെ അവരെ അനുഗമിച്ചു. വെനേസ്വലയിലെ കർദിനാൾ ഷാവേസിനൊപ്പം ദ്വീപിലേക്ക് യാത്ര തിരിച്ചു.
ഷാവേസ് നാടുവിട്ടതോടെ വെനസ്വേലയിൽ ആഭ്യന്തര കലാപം രൂക്ഷമായി. ഇതോടെ ദ്വീപിൽ നിന്ന് ക്യൂബയിൽ അഭയം പ്രാപിക്കാൻ തയ്യാറെടുത്ത ഷാവേസ് മൂന്നാംനാൾ രാജ്യത്ത് തിരിച്ചെത്തി. പട്ടാളം നിയമിച്ച പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. പഴയ ഭരണകൂടം പുനഃസ്ഥാപിച്ചു. വീണ്ടും ഷാവേസ് പ്രസിഡന്റും മഡൂറോ വൈസ് പ്രസിഡന്റുമായി. രണ്ട് വർഷത്തിനുശേഷം ഷാവേസ് അന്തരിച്ചു. പിന്നാലെ മഡൂറോ പ്രസിഡന്റായി’’-അദ്ദേഹം പറഞ്ഞു.
ഷാവേസിന്റെ ജീവൻ രക്ഷിക്കാനുള്ള വത്തിക്കാൻ ഇടപെടലിൽ നേതൃത്വം വഹിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി മാർ ഭരണികുളങ്ങരയ്ക്കുണ്ട്. പിന്നീട് ന്യൂയോർക്കിലെ വത്തിക്കാന്റെ യുഎൻ ദൗത്യത്തിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടുമ്പോൾ അതിനൊരു കാരണം വെനസ്വേലയിലെ നയതന്ത്ര ഇടപെടലായിരുന്നു. 2012-ൽ സിറോ മലബാർ സഭയുടെ ഡൽഹി ആസ്ഥാനമായ ഫരീദാബാദ് രൂപതയുടെ മെത്രാനായി. 2025-ൽ ആർച്ച് ബിഷപ്പുമായി. മൂന്നുവർഷമാണ് മാർ ഭരണികുളങ്ങര വെനസ്വേലയിൽ സേവനം ചെയ്തത്. ഷാവേസും മഡൂറോയുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒരു തവണ ഡൽഹിയിലെത്തിയപ്പോഴും മഡൂറോയുമായി കൂടിക്കാഴ്ച നടത്തി.
വെനസ്വേലയിലേത് സാമൂഹിക പ്രശ്നം
ലോകത്ത് സൗദി അറേബ്യയെക്കാൾ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ ഉത്പാദനം സിംഹഭാഗവും സ്വകാര്യ കമ്പനികളുടെ കൈയിലായിരുന്നു. കമ്പനികളെ പൊതുമേഖലയിലേക്ക് കൊണ്ടുവരാൻ ഷാവേസ് ശ്രമിച്ചു. ഇതോടെ എതിർപ്പ് ഉയർന്നതായും ഭരണികുളങ്ങര പറയുന്നു. അതിനിടെയാണ് 2002-ൽ പട്ടാള അട്ടിമറിയുണ്ടാകുന്നത്. സാമൂഹിക നീതിക്കു വേണ്ടി നിലനിന്ന വ്യക്തിയായിരുന്നു ഷാവേസ്. ശേഷം വന്ന മഡൂറോ ഷാവേസിന്റെ നിലപാടാണ് തുടർന്നതെങ്കിലും അഴിമതി രാജ്യത്തെ പിന്നോട്ടടിച്ചതായി ഭരണികുളങ്ങര പറയുന്നു. എറണാകുളം കരിപ്പശ്ശേരി വട്ടപ്പറമ്പ് സ്വദേശിയാണ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. ഇറാഖിൽ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ ഫസ്റ്റ് സെക്രട്ടറിയുമായിരുന്നു.
Content Highlights: Recounting a dramatic diplomatic mission, a Malayalam priest shares his role in saving Hugo Chavez`s life during a coup in Venezuela. An untold story of courage and faith.