സമയക്രമീകരണം പാളി; യുദ്ധമുറികളായി തീവണ്ടികള്‍, ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

കണ്ണൂര്‍: സമയക്രമീകരണത്തില്‍ വന്ന പാളിച്ചകൂടിയായതോടെ പരശുറാം അടക്കമുള്ള തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ യുദ്ധമുറികള്‍ക്ക് സമാനമായി. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല.

ഗുസ്തിപിടിച്ചും തിങ്ങിനിറഞ്ഞുനില്‍ക്കുന്നവരെ ചവിട്ടിയകറ്റിയും മാത്രമേ ജനറല്‍ കോച്ചുകളിലേക്ക് പ്രവേശിക്കാന്‍പോലും കഴിയൂ. ചവിട്ടും കുത്തും ഏറ്റുവാങ്ങുന്ന യാത്രയില്‍ ശ്വാസംകിട്ടാത്ത കുട്ടികളുടെ നിലവിളിയും കേള്‍ക്കാം.

ദീര്‍ഘദൂരവണ്ടികള്‍ക്കായി പിടിച്ചിട്ടുതുടങ്ങിയതോടെ ശ്വാസംകിട്ടാതെ പല സ്റ്റേഷനുകളിലും കാത്തുകിടക്കേണ്ട ഗതികേടിലാണ് മറ്റു വണ്ടികളിലെ യാത്രക്കാര്‍. റെയില്‍വേ ഓപ്പറേറ്റിങ് വിഭാഗം ഒന്നു മിനക്കെട്ടാല്‍ ഈ വാഗണ്‍ ട്രാജഡി ഒഴിവാക്കാം. വണ്ടി സമയങ്ങളെ മുന്നോട്ടും പിന്നോട്ടും പുനഃക്രമീകരിച്ചാല്‍ ഗുണം യാത്രക്കാര്‍ക്ക് കിട്ടും. റെയില്‍വേക്ക് വരുമാന വര്‍ധനയും.

തിങ്കളാഴ്ച വൈകീട്ട് 6.13-ന് കോഴിക്കോട്ട് എത്തേണ്ട കോയമ്പത്തൂര്‍ കണ്ണൂര്‍ എക്സ്പ്രസ് (16608) വൈകിയോടി വന്ന മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ്, നേത്രാവതി എക്സ്പ്രസ്, കോയമ്പത്തൂര്‍-ജബല്‍പുര്‍ എന്നീ നോണ്‍ സ്റ്റോപ്പ് വണ്ടികള്‍ക്ക് വേണ്ടി പിടിച്ചിട്ടു. രാത്രി 7.20-ഓടെയാണ് വണ്ടി കോഴിക്കോട് വിട്ടത്. വൈകീട്ട് നാലിന് കോഴിക്കോട്ട് എത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പരശുരാം എക്സ്പ്രസ് (16650) പുറപ്പെടുന്നത്.

തിരുവനന്തപുരത്തുനിന്ന് വരുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. പിടിച്ചിടല്‍ ഒഴിവാക്കാന്‍ നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന സമയത്തില്‍ ക്രമീകരണം വരുത്തിയാല്‍ മാത്രം മതി.

ഷൊര്‍ണൂര്‍-കാസര്‍കോട്  വണ്ടി വേണം

കൂടുതല്‍ ജനറല്‍ കോച്ചുള്ള ഒരു തീവണ്ടിയെങ്കിലും തിരക്കുള്ള സമയമായ വൈകിട്ട് 5.30-നോടടുത്ത് ഓടിക്കണം. കുറ്റിപ്പുറംമുതല്‍ കണ്ണൂര്‍വരെ സ്ഥിരം യാത്രക്കാരുള്ള റൂട്ടില്‍ ഷൊര്‍ണൂര്‍-കാസര്‍കോട് മെമു വന്നാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. അത് വൈകീട്ട് 5.30-നും ആറിനും ഇടയില്‍ കോഴിക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് യാത്ര പുറപ്പെടുകയും ചെയ്യുക. ഈ മെമുതന്നെ രാവിലെ കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് പരശുറാം എക്സ്പ്രസിന് തൊട്ടു മുന്‍പ് ഓടിക്കുന്നതും വലിയ ആശ്വാസമാകും.

പരശുറാം എക്സ്സ്പ്രസിലെയും കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിലെയും തിരക്ക് കുറയ്ക്കാന്‍ കഴിയും. മുന്‍പ് കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ ഓടിച്ച മെമു റേക്ക് ഇപ്പോള്‍ കൊല്ലം ഷെഡില്‍ ഉണ്ടുതാനും.

ജോണ്‍ ബ്രിട്ടാസ് എം.പി. കത്തയച്ചു

തീവണ്ടികളില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. റെയില്‍വേമന്ത്രിക്ക് കത്തയച്ചു. മറ്റു തീവണ്ടികള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടുന്ന രീതി പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങിനിന്നാണ് യാത്ര. വായുസഞ്ചാരംപോലും തടസ്സപ്പെടുന്ന യാത്രയാണിത്. യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറി. എന്നിട്ടും റെയില്‍വേ അധികാരികള്‍ കണ്ടമട്ടില്ല. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിന് അറുതിവരുത്താന്‍ കഴിയൂവെന്ന് എം.പി. കത്തില്‍ വ്യക്തമാക്കി.

Content Highlights: heavy rush in trains as time schedule changed