ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്താൻ സുപ്രീംകോടതിയുടെ ഉത്തരവ്

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
സുപ്രീം  കോടതി | ഫോട്ടോ: PTI
സുപ്രീം കോടതി | ഫോട്ടോ: PTI

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയ്യതി മാറ്റാനുള്ള ദേവസ്വം ബോർഡ് നീക്കത്തിന് തിരിച്ചടി. ഈ വർഷം ഉദയാസ്തമയ പൂജ വൃശ്ചികമാസ ഏകാദശി ദിവസമായ നവംബർ 21 ന് നടത്താൻ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന് ആവശ്യമെങ്കിൽ തുലാ മാസത്തിലെ ഏകാദശി ദിവസമായ ഒക്ടോബർ 22-നും നടത്താമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

മുൻ വർഷങ്ങളിൽ നടത്തിയത് പോലെ ഇത്തവണയും ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്താൻ ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും കോടതി ഇടപെട്ടതിനെ തുടർന്ന് വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തിയിരുന്നു. എന്നാൽ അത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി ബോർഡിന് കോടതിയെ ബോധ്യപ്പെടുത്താൻ ആയില്ലെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ക്ഷേത്രം തന്ത്രിയുടെ അനുമതിയും ഇതിന് ഉണ്ടായിരുന്നു. എന്നാൽ ഭക്തരുടെ തിരക്ക് കാരണം പൂജ ദിവസം മാറ്റുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ ഡിസംബറിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും.

ഉദയാസ്തമയ പൂജയുടെ തീയ്യതി മാറ്റാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെ പുഴക്കര ചേന്നാസ് മനയിലെ പി സി ഹരി ഉൾപ്പടെയുള്ള ചില അംഗങ്ങൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി എസ് വൈദ്യനാഥൻ, ഗുരു കൃഷ്ണ കുമാർ, കെ പരമേശ്വരൻ അഭിഭാഷകൻ എ കാർത്തിക് എന്നിവർ ഹാജരായി. ഗുരുവായൂർ ദേവസ്വം ബോര്ഡിന് വേണ്ടി സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം, അഭിഭാഷകൻ എം എൽ ജിഷ്ണു എന്നിവരും ഹാജരായി. തന്ത്രിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി ഹാജരായി.