ആനയോട്ടതാരം ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം; ഒന്നരമാസത്തോളമായി മദപ്പാടിലായിരുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍ മദപ്പാടിലായിരിക്കെ കെട്ടുതറിയില്‍ കുഴഞ്ഞുവീണ് ചരിഞ്ഞു. പ്രകടമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല. ഒന്നരമാസത്തോളമായി മദപ്പാടിലായിരുന്ന ആന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചരിഞ്ഞത്.
ഗ്യാസ് നിറഞ്ഞെന്നപോലെ വയറ് വീര്‍ത്തിരുന്നു. കുടലിനെ ബാധിച്ച അണുബാധയാകാം കാരണമെന്ന് സംശയിക്കുന്നു. തലയെടുപ്പിലും അഴകിലും ഗുരുവായൂര്‍ നന്ദന്റെ പിന്‍ഗാമിയായി വാഴുകയായിരുന്നു, 51 വയസ്സുള്ള ഗോപീകണ്ണന്‍. അതുകൊണ്ടുതന്നെ പൂരങ്ങളിലെ 'മെഗാ സ്റ്റാര്‍' എന്ന പരിഗണനയുണ്ടായിരുന്നു. വടിവൊത്ത ശരീരഘടനയും ഗാംഭീര്യത്തോടെയുള്ള നടത്തവുമാണ് പ്രത്യേകത.
ആനക്കോട്ടയിലെ സൗമ്യശീലനായിരുന്നു ഗോപീകണ്ണന്‍. ഗുരുവായൂര്‍ ആനയോട്ടമാണ് ഗോപീകണ്ണനെ പ്രശസ്തനാക്കിയത്. മിക്ക വര്‍ഷങ്ങളിലും മുന്നിലോടാന്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ആനകളില്‍ ഉള്‍പ്പെടാറുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏറ്റുമാനൂരിലെ പൊന്നാന എഴുന്നള്ളിപ്പിനായിരുന്നു ഗോപീകണ്ണനെ അവസാനമായി കൊണ്ടുപോയത്. അതിനുശേഷം നീരിലായി.
തൃശ്ശൂരിലെ നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാനായ ഗോപു നന്തിലത്താണ് 2001 സെപ്റ്റംബര്‍ മൂന്നിന് ഗോപീകണ്ണനെ നടയിരുത്തിയത്. 65 ആനകള്‍ വരെയുണ്ടായിരുന്ന ആനക്കോട്ടയില്‍ ഗോപീകണ്ണന്‍കൂടി ചരിഞ്ഞതോടെ അംഗങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങി.
നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒരംഗം - ഗോപു നന്തിലത്ത്
ഗോപീകണ്ണന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒരംഗത്തെയാണെന്ന് ആനയെ നടയിരുത്തിയ പ്രമുഖ വ്യവസായി ഗോപു നന്തിലത്ത് പറഞ്ഞു. വിദേശത്തായതിനാല്‍ ഗോപീകണ്ണനെ അവസാനമായി കാണാനാകാത്ത വിഷമവും അദ്ദേഹം അറിയിച്ചു.
'25-ാം വയസില്‍ അസമില്‍നിന്നാണ് അവനെ കൊണ്ടുവന്നത്. ഒന്നരവര്‍ഷത്തോളം വീട്ടിലെ ഒരംഗത്തെപ്പോലെ വളര്‍ത്തി. ചങ്ങലകൊണ്ട് തളച്ചിട്ടില്ല. അത്രയും അനുസരണയായിരുന്നു. ഇടയ്ക്കിടെ ഗുരുവായൂരില്‍ വന്ന് ഗോപീകണ്ണനെ കാണാറുണ്ട്,' ഗോപു നന്തിലത്ത് പറഞ്ഞു.
നന്തിലത്തിലെ മാനേജരും ജീവനക്കാരും ആനക്കോട്ടയിലെത്തി റീത്തുവെച്ചിരുന്നു. 'ഗോവിന്ദക്കണ്ണന്‍' എന്ന പേരില്‍ മറ്റൊരു ആനയെക്കൂടി ഗുരുവായൂരപ്പന് നടയിരുത്തുന്നുണ്ടെന്ന് ഗോപു നന്തിലത്ത് പറഞ്ഞു.
വൈറസുകളുടെ തിരിച്ചുവരവ് നാട്ടാനകള്‍ക്ക് ഭീഷണി
തൃശ്ശൂര്‍: ചിലതരം വൈറസ് രോഗങ്ങളുടെ തിരിച്ചുവരവ് നാട്ടാനകളുടെ ജീവനെടുക്കുന്നതായി സൂചന. ഹൃദയഭിത്തികളുടെ ബലം കുറയ്ക്കുന്ന മയോകാര്‍ഡിയല്‍ വൈറസ് ബാധിക്കുന്നതായി സൂചനയുണ്ടെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വെറ്ററിനറി സര്‍വകലാശാലയിലെ ആനചികിത്സാവിദഗ്ധന്‍ ഡോ. ടി.എസ്. രാജീവ് പറയുന്നു.
ഗുരുവായൂര്‍ ആനക്കോട്ടയിലെ ഗോപീകണ്ണന്‍ ചരിഞ്ഞതിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആനകളുടെ ഹൃദയം ശക്തിയേറിയതാണെങ്കിലും വൈറസ്ബാധ ഹൃദയപ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
''മദപ്പാടുകാലത്ത് ആനകള്‍ അനുഭവിക്കുന്ന സമ്മര്‍ദമേറെയാണ്. മദപ്പാടിന്റെ തുടക്കത്തിലും അവസാനത്തിലുമാണ് സമ്മര്‍ദമേറുന്നത്. മദപ്പാടുള്ളപ്പോള്‍ ചിലതരം വൈറസ്ബാധകളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മദപ്പാടുകാലത്ത് ആനകള്‍ക്ക് വിശ്രമമാണാവശ്യം. ഈ സാഹചര്യത്തില്‍ ചെറിയൊരു പ്രകോപനംപോലും ഉണ്ടാകാത്തവിധം ആനകളെ സംരക്ഷിക്കണം,'' - ഡോ. രാജീവ് പറഞ്ഞു.
നാട്ടാനകളുടെ എണ്ണം കുറഞ്ഞത് അവയുടെ ജോലിഭാരം ഇരട്ടിയാക്കിയിട്ടുമുണ്ട്. ജീവിതരീതിയില്‍ വന്ന വ്യത്യാസവും ആനകള്‍ക്കു കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ ഉത്സവക്കാലം ഡിസംബറില്‍ ആരംഭിച്ച്, ഏപ്രിലോടെ അവസാനിക്കുന്ന സ്ഥിതിയായിരുന്നു. എന്നാലിപ്പോള്‍ ആഘോഷങ്ങള്‍ കൂടി; വര്‍ഷം മുഴുവന്‍ നാട്ടാനകള്‍ക്ക് തിരക്കായി. ആനകള്‍ കാട്ടില്‍ ഏറെ നടക്കും. നാട്ടാനകള്‍ക്ക് ഇതിനുള്ള സാഹചര്യമില്ല. ഒരു ഉത്സവസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനങ്ങളില്‍ മാത്രം കൊണ്ടുപോകുന്ന സ്ഥിതി വന്നതിനാല്‍ നടത്തം വല്ലാതെ കുറഞ്ഞു.
Content Highlights: guruvayur elephant running star gopikannan elephant died thrissur