ഗുരുവായൂരിൽ ഇന്ന് കല്യാണപ്പൂരം; അഞ്ച് മണ്ഡപങ്ങൾ, 262 കല്യാണങ്ങൾ, താലികെട്ട് പുലർച്ചെ നാലു മുതൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച കല്യാണത്തിരക്കിന്റെ പൂരമാകും. 262 കല്യാണങ്ങൾ ശനിയാഴ്ച വൈകീട്ടുവരെ ശീട്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയും ശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം ഇനിയും കൂടിയേക്കും. കല്യാണത്തിരക്ക് കണക്കിലെടുത്ത് താലികെട്ട് പുലർച്ചേ നാലു മുതലാക്കി. അഞ്ചു മണ്ഡപങ്ങളിലായാണ് കല്യാണങ്ങൾ നടക്കുക.
കല്യാണസംഘങ്ങൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തെ പുതിയ നടപ്പന്തലിൽനിന്ന് ടോക്കൺ വാങ്ങണം. താലികെട്ടിന്റെ ഊഴം വരെ പതിവുപോലെ വധൂവരന്മാർക്കും ബന്ധുക്കൾക്കും മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ വിശ്രമിക്കാം. ഫോട്ടോഗ്രാഫർമാരുൾപ്പെടെ 24 പേരെ മാത്രമേ വിവാഹമണ്ഡപത്തിന്റെ സമീപത്തേക്ക് പ്രവേശിപ്പിക്കൂ.
തിരക്കുള്ള സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്നതു പോലെ ക്ഷേത്രനടയിൽ വൺവേ ഞായറാഴ്ചയും ഉണ്ടാകും. തെക്കേനടയിൽനിന്ന് വരുന്നവർ കിഴക്കേ ദീപസ്തംഭത്തിനു മുന്നിൽനിന്ന് തൊഴാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു പിൻവശത്തുകൂടി വളഞ്ഞുവരണം.
തൊഴുതശേഷം നേരേ തെക്കേ നടപ്പന്തലിലേക്ക് കടക്കാം. ക്ഷേത്രത്തിനകത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിപ്രദക്ഷിണമോ ശയനപ്രദക്ഷിണമോ ഞായറാഴ്ച അനുവദിക്കില്ല.
Content Highlights: Witness a grand wedding festival in Guruvayur today! 262 couples to tie the knot across 5 mantaps, with ceremonies starting from 4 AM. Plan your visit!