ആലുവ കൊലപാതകം ദൗര്‍ഭാഗ്യകരം, ദുഃഖവും ലജ്ജയും തോന്നുന്നു; റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Photo: PTI
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Photo: PTI

ന്യൂഡല്‍ഹി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

വളരെയധികം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. മണിപ്പുര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെതന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണം. തീര്‍ച്ചയായും സംഭവത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെടും, ഗവര്‍ണര്‍ വ്യക്തമാക്കി.

അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Content Highlights: Governor arif mohammad khan reacts on Aluva murder incident