സ്വർണം വിലക്കുറവ്: പണയവായ്പാമേഖല പ്രതിസന്ധിയിൽ

#ന്യൂസ് ഡെസ്ക്
.
.

മലപ്പുറം: സ്വർണവില കുത്തനെ കുറഞ്ഞതോടെ സ്വർണപ്പണയവായ്പാമേഖല പ്രതിസന്ധിയിലായി. 1,30,000 കടന്ന് വില കുതിച്ചപ്പോൾ പവന് ഒരു ലക്ഷത്തിലേറെ വായ്പ നൽകിയിരുന്നു പല സ്ഥാപനങ്ങളും. ഇപ്പോൾ വില 92,000-ത്തിനടുത്ത് എത്തിയതോടെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കൂടുതൽ ഈടിനായി നോട്ടീസ് നൽകാൻ തുടങ്ങി.

പരിധിയിലധികമായി എടുത്ത തുക അടിയന്തരമായി തിരിച്ചടയ്ക്കുകയോ കൂടുതൽ സ്വർണം ഈടായി നൽകുകയോ ചെയ്യണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്. മുതൽ തന്നെ തിരിച്ചുപിടിക്കണമെങ്കിൽ കൂടുതൽ സ്വർണം പണയമായി വേണ്ടിവരും എന്നതിനാലാണിത്.

ബാങ്കുകൾ വായ്പ നൽകുമ്പോൾ നിശ്ചിത വായ്പാ-മൂല്യ അനുപാതം (ലോൺ ടു വാല്യു -എൽ.ടി.വി. റേഷ്യോ) പാലിക്കേണ്ടതുണ്ട്. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അതതു സമയത്തെ ശരാശരി സ്വർണവിലയുടെ 85 ശതമാനംവരെയേ വായ്പ നൽകാനാവൂ. പവൻ വില ഒന്നേകാൽ ലക്ഷത്തിലേറെ ആയപ്പോൾ മാനദണ്ഡം അനുസരിച്ചുതന്നെ 1,05,00 രൂപയിലധികം വായ്പ നൽകാമായിരുന്നു.

പണയവസ്തുവിന്റെ മൂല്യം ക്രമാതീതമായി കുറഞ്ഞതാണ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം വരെയുള്ള വായ്പകൾക്ക് പണയവസ്തുവിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെയേ വായ്പ അനുവദിക്കൂ. ചില സ്വകാര്യ സ്ഥാപനങ്ങൾ സ്വർണത്തിന്റെ വിപണിവിലയുടെ 90 ശതമാനംവരെയൊക്കെ വായ്പ നൽകിയിരുന്നു.

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ പൊതുമേഖലാ, സ്വകാര്യ, സഹകരണ ബാങ്കുകളിലായി ആകെ 1,47,949 കോടി രൂപയുടെ സ്വർണപ്പണയവായ്പകളാണുള്ളത്. ഇതിൽ 1,06,726 കോടി രൂപ കാർഷിക സ്വർണപ്പണയവായ്പകളും 41,222 കോടി രൂപ വ്യക്തിഗത/വ്യാപാര വായ്പകളുമാണ്. കേരളത്തിലെ പണയമേഖലയിൽ 50 ശതമാനത്തിലധികം ഇടപാടുകളും സമയത്ത് പണമടച്ച് തീർക്കുന്നവയാണ്. 30 ശതമാനത്തിലധികം പേരും പുതുക്കിവെക്കുകയോ പലിശ തീർത്ത് ക്രമപ്പെടുത്തുകയോ ചെയ്യുന്നവരും. ബാക്കിയുള്ള 20 ശതമാനത്തിൽ പകുതിയോളമാണ് പണയം തിരിച്ചെടുക്കാൻ കഴിയാതെ പ്രതിസന്ധിയിലാകാറുള്ളത്. അതിനാൽത്തന്നെ ഇപ്പോളുണ്ടായിട്ടുള്ള മൂല്യശോഷണപ്രശ്നം പണമിടപാടുസ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുകയില്ല. എന്നാൽ ആകെ ബിസിനസിലും ലാഭത്തിലുമെല്ലാം കുറവു വരും.

പണയം വെച്ചിട്ടുള്ള സ്വർണത്തിൽ നല്ലൊരു ഭാഗം വീടുകളിൽ ഉപയോഗത്തിലുള്ള ആഭരണങ്ങളാണ്. ഇതിൽ നല്ലൊരു പങ്ക് 22 കാരറ്റ് സ്വർണാഭരണങ്ങളാണ്. ഇത് പണയവസ്തുവിന്റെ മൂല്യം പിന്നെയും കുറയ്കുന്നതാണെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.