ആയുർവേദ ചികിത്സയ്ക്കെത്തിയ ജർമൻ സ്വദേശിനി പക്ഷാഘാതമുണ്ടായി മരിച്ചു

#സ്വന്തം ലേഖകൻ
മരിച്ച ഇംഗാർഡ് നോത്തെ
മരിച്ച ഇംഗാർഡ് നോത്തെ

വിഴിഞ്ഞം: ആയുർവേദ ചികിത്സയ്ക്കായി ചൊവ്വരയ്ക്കടുത്തുള്ള സ്വകാര്യ റിസോർട്ടിലെത്തിയ ജർമൻ സ്വദേശിനി മരിച്ചു. ഇംഗാർഡ് നോത്തെ (87) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചികിത്സയുടെ ഭാഗമായി നടക്കുന്നതിനിടയിൽ പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് റിസോർട്ട് അധികൃതർ ആനറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസിൽ വിവരംനൽകിയശേഷം റിസോർട്ട് അധികൃതരെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

എല്ലാവർഷവും മുടങ്ങാതെ റിസോർട്ടിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെത്താറുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.